കാല്‍ മസില്‍കയറല്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോ

Advertisement

ജീവിതത്തില്‍ മിക്കവര്‍ക്കും സംഭവിച്ചിട്ടുള്ളതാകും കാല്‍ മസില്‍കയറല്‍. രാത്രിയില്‍ കാല്‍ വേദന കാരണം ചിലരെങ്കിലും പെട്ടെന്ന് എഴുന്നേല്‍ക്കാറുണ്ട്. പെട്ടെന്നുള്ള കാലിലെ മസില്‍ കയറ്റം പലര്‍ക്കും പേടി സ്വപ്നമാണ്. പ്രത്യേകിച്ചും ഉറക്കം നഷ്ടപ്പെടുന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. വേദന കാരണം ഉറങ്ങാന്‍ കഴിയാതെ പലരും ബുദ്ധിമുട്ടാറുണ്ട്. രാത്രി സമയങ്ങളില്‍ പൊതുവെ ഈ വേദന വരികയും പോകുകയും ചെയ്യുന്നതാണ് ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നത്. പേശികള്‍ കൃത്യമായ ഇടവേളകളില്‍ ചുരുങ്ങുന്നതാണ് ഇത്തരത്തില്‍ കാലിലെ മസിലുകള്‍ക്ക് വേദന വരാനുള്ള പ്രധാന കാരണമെന്ന് തന്നെ പറയാം. ആരോഗ്യ പരമായ പ്രശ്നംമൂലം ഗര്‍ഭിണികള്‍ക്ക് കാല്‍ മസില്‍ കയറാറുണ്ട്.

ഇത്തരത്തിലുണ്ടാകുന്ന വേദനകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളുണ്ട്.കാലിലെ മസില്‍ കയറ്റവും വേദനയുമൊക്കെ മാറ്റാന്‍ സ്‌ട്രെച്ച് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഉറങ്ങുന്നതിന് മുന്‍പ് കാഫ് മസിലുകള്‍ സ്‌ട്രെച്ച് ചെയ്യാന്‍ ശ്രമിക്കുക. കൈകള്‍ കാല്‍ വിരലുകളില്‍ മുട്ടിക്കുക, ഹാംസ്ട്രിംഗ് പോലുള്ള ലളിതമായ സ്‌ട്രെച്ചുകള്‍ ഏറെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് പേശികളെ ഇത്തരത്തില്‍ സ്‌ട്രെച്ച് ചെയ്യുന്നത് ഗുണം ചെയ്യും. വേദന തോന്നുമ്പോള്‍ തന്നെ മസിലുകള്‍ സ്‌ട്രെച്ച് ചെയ്യാന്‍ ശ്രമിക്കുക.
വേദന കയറി മസില്‍ പിടിച്ച സമയം കാല്‍ പതിയെ മടക്കി പിന്നീട് നിവര്‍ത്തി അയച്ചുവിടുന്ന രീതി ഉപയോഗം ചെയ്യും. സഹായത്തിന് ആളുണ്ടെങ്കില്‍ അവരെക്കൊണ്ട് കാല്‍ മടക്കി നിവര്‍ക്കുന്നത് നല്ലതാണ്.

പതിവായി യോഗ ചെയ്യുന്നത് നല്ലതാണ്.

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ഭക്ഷണത്തിലൂടെ കഴിക്കാന്‍ ശ്രമിക്കുക. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. പ്രത്യേകിച്ച് പേശി വേദന പോലുള്ളവ. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ കുറവ് പേശി വേദനകള്‍ക്ക് കാരണമാകാറുണ്ട്.ഏത്തപ്പഴം, ഓറഞ്ച്, കരിക്കിന്‍ വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. കിഡ്‌നി രോഗങ്ങള്‍ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ സഹായം തേടാന്‍ ശ്രമിക്കുക.

ആവശ്യത്തില്‍ അധികം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. നിര്‍ജ്ജലീകരണം കാലിലെ വേദനകളുടെ പ്രധാന കാരണമാണ്. പലപ്പോഴും വെള്ളം കുടിക്കാത്തവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇത് മാറ്റാന്‍ ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് ഏറെ സഹായിക്കും.

വേദന കുറയ്ക്കാന്‍ തണുപ്പ് അല്ലെങ്കില്‍ ചൂട് വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഉറങ്ങുന്നതിനുമുമ്പ് കാലുകളില്‍ ഒരു ചൂടുള്ള കംപ്രസ് അല്ലെങ്കില്‍ ചൂട് പിടിക്കുന്ന പാഡുകളോ മറ്റോ വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. പിരിമുറുക്കമുള്ള പേശികളെ അയക്കാനും അതുപോലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കാലിലെ വേദന പരിക്കോ മറ്റോ കാരണമാണെങ്കില്‍ 15-20 മിനിറ്റ് ഐസ് പായ്ക്ക് പുരട്ടുന്നതും ആശ്വാസം നല്‍കും.

Advertisement