ഉപ്പിന്റെ അമിതോപയോ​ഗം നിങ്ങളെ ബാധിക്കുന്നത് എങ്ങനെയെന്നറിയാമോ?

Advertisement

ഭക്ഷണത്തിൽ അത്യാവശ്യമായും വേണ്ട ഒന്നാണ് ഉപ്പ്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും എല്ലാം ഉപ്പ് ആവശ്യമാണ്.

ശരീരത്തിന്റെ ഇലക്ട്രോ ലൈറ്റ് സന്തുലനത്തിനും ഉപ്പ് സഹായിക്കുന്നു. നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് മിതമായ അളവിൽ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ.

ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ എന്നു നോക്കാം.

∙രക്തസമ്മർദം
ഉപ്പ് കൂടുതൽ ഉപയോഗിച്ചാൽ രക്തസമ്മർദം വർധിക്കും. ഉപ്പിൽ സോഡിയം ഉണ്ട്. സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് വാട്ടർ റിറ്റെൻഷൻ ഉണ്ടാക്കും. ഇത് രക്തത്തിൽ വ്യാപ്തം കൂട്ടും. രക്തക്കുഴലുകളിൽ സമ്മർദം കൂട്ടും.

∙വൃക്കകൾ
ശരീരത്തിൽ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകൾ. എന്നാൽ ഉപ്പ് അമിതമായി ഉപയോഗിച്ചാൽ അത് വൃക്കകൾക്ക് സമ്മർദം ഉണ്ടാക്കുകയും അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ക്രമേണ വൃക്കകൾക്ക് തകരാർ സംഭവിക്കും.

∙ഹൃദയം
രക്തസമ്മർദം ഉയരുമ്പോൾ ഹൃദ്രോഗസാധ്യതയും കൂടും. പക്ഷാഘാതം ഹൃദയത്തകരാറുകൾ ഇവയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

∙വാട്ടർ റിറ്റെൻഷൻ
ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിൽ അമിതമായി വെള്ളം നിലനിർത്താനിടയാക്കും. വെള്ളം അടിഞ്ഞുകൂടുന്നത് നീർക്കെട്ടിനു കാരണമാകും. കൈകളിലും കാലുകളിലും പാദങ്ങളിലും കണങ്കാലിലുമെല്ലാം വീക്കം ഉണ്ടാകും.

∙ഓർമശക്തി
ഭക്ഷണത്തിൽ അധികമായി ഉപ്പ് ചേർത്തുപയോഗിക്കുന്നത് ബൗദ്ധികപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഓർമശക്തി, ശ്രദ്ധ ഇവയെയെല്ലാം ബാധിക്കും. ഇത് മറവിരോഗത്തിനുള്ള സാധ്യതയും ഓർമശക്തിയുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾക്കുള്ള സാധ്യതയും കൂട്ടും.

∙ദാഹം
ഉപ്പ് ദാഹം കൂട്ടും. കൂടിയ അളവിൽ ഉപ്പുപയോഗിച്ചാൽ ദാഹവും കൂടും. വെള്ളം കൂടുതൽ കുടിക്കാൻ തോന്നും. കൂടുതൽ അളവിൽ വെള്ളം കുടിച്ചാൽ അത് ഫ്ലൂയ്ഡ് ഇംബാലൻസിനു കാരണമാകും. വയറിനു കനം വയ്ക്കും.

∙ഓസ്റ്റിയോ പോറോസിസ്
കൂടിയ അളവിൽ ഉപ്പ് ഉപയോഗിച്ചാൽ മൂത്രത്തിലൂടെ കൂടിയ അളവിൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇത് എല്ലുകളുടെ സാന്ദ്രത (bone density) കൂട്ടും. ഇത് ഓസ്റ്റിയോ പോറോസിസ് വരാനുള്ള സാധ്യത കൂട്ടും.

ഉപ്പ് കൂടുതൽ കഴിക്കുന്നത് അനാരോഗ്യം ക്ഷണിച്ചു വരുത്തലാകും. അതുകൊണ്ടുതന്നെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.