മുടി കൊഴിച്ചിലാണോ പ്രശ്‌നം? എണ്ണതേച്ചിട്ട് കാര്യമില്ല, ഇവകൂടി നോക്കണം

Advertisement

മിക്കവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍ ചെറിയ കുട്ടികള്‍ മുതല്‍, സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചില്‍ സര്‍വ്വസാധാരണമാണ്. എണ്ണ തേയ്ക്കാത്തത് കൊണ്ടാണ് മുടി കൊഴിയുന്നത് എന്ന് പഴമക്കാർ പറയും,

എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് എണ്ണ തേയ്ക്കാതിരുന്നാല്‍ നിങ്ങളുടെ പല പ്രശ്‌നങ്ങളും മാറും എന്നാണ്. നമ്മള്‍ എന്ത് കഴിക്കുന്നു. നമ്മളുടെ ജീവിതരീതി എങ്ങിനെ? അതുപോലെ, നമ്മളുടെ ശരീരത്തിലുള്ള അസുഖങ്ങള്‍ എന്നിവയെല്ലാം നമ്മളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ദിവസേന ഒട്ടും പോഷക സമൃദ്ധമായ ആഹാരം കഴിച്ചില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യം ഇല്ലാതാക്കും. പലരും ചോറ് മാത്രം കഴിച്ചാല്‍ ശരീരത്തിന് എല്ലാമായി എന്ന് കരുതുന്നവരുണ്ട്. പക്ഷേ, ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ഒരിക്കലും ചോറില്‍ നിന്ന് ലഭിക്കില്ല. നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയതും, അതുപോലെ, മറ്റ് പോഷകങ്ങള്‍ അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

നിങ്ങളുടെ കുടുംബ പാരമ്പര്യവും മുടിയുടെ ആരോഗ്യവും തമ്മില്‍ നല്ല ബന്ധമുണ്ട്. പാരമ്പര്യമായി കഷണ്ടി വരാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്ക് വരാന്‍ സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളില്‍ ആണെങ്കില്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടി കൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമായി ചൂണ്ടികാണിക്കാം. തൈറോയ്ഡ്, അലോപേഷ്യ, ഓട്ടോഇമ്മ്യൂണ്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ വരാം.

അമിതമായിട്ടുള്ള സ്‌ട്രെസ്സ്, ഉറക്കമില്ലായ്മ, ചില മരുന്നുകളുടെ ഉപയോഗം, അമിതമായി മുടിയ്ക്ക് ട്രീറ്റ്‌മെന്റ് എടുക്കുന്നത്, പ്രായമാകുന്നത്, ശരീരഭാരം കുറയുന്നത്, പരിസ്ഥിതിയിലെ പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ ശിരോചര്‍മ്മത്തിലെ പ്രശ്‌നങ്ങളും മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നു.

നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന പോഷകക്കുറവുകള്‍ മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നുണ്ട്. അതില്‍ തന്നെ അയേണിന്റെ കുറവ് വരുന്നത് മുടി അമിതമായി കൊഴിയാന്‍ പ്രധാന കാരണാണ്. നമ്മളുടെ ശരീരത്തില്‍ ഹീമോഗ്ലോബിന്‍ വര്‍ദ്ധിക്കണമെങ്കില്‍ അയേണ്‍ നല്ലപോലെ വേണം. രക്തത്തിന്റെ അളവ് കൃത്യമായി ഉണ്ടായാല്‍ മാത്രമാണ് ശരീര കോശങ്ങളിലേയ്ക്ക് ഓക്‌സിഡന്‍ എത്തുകയുള്ളൂ. ഇത്തരത്തില്‍ ഓക്‌സിജന്‍ കൃത്യമായി എത്തിയാല്‍ മാത്രമാണ് മുടിയെ വേരില്‍ നിന്നും ആരോഗ്യമുള്ളതാക്കി മാറ്റാന്‍ സാധിക്കുക. അതിനാല്‍, അയേണ്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

അയേണ്‍ പോലെ തന്നെ പ്രോട്ടീന്‍ മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. നമ്മളുടെ മുടി നിര്‍മ്മിച്ചിരിക്കുന്ത് തന്നെ കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ്. അതിനാല്‍, നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന പ്രോട്ടീന്‍ കുറവ് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഇത് മുടി നേര്‍ത്തതാകുന്നതിലേയ്ക്കും അതുപോലെ തന്നെ മുടി അമിതമായി കൊഴിയുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍, മുടി കൊഴിച്ചില്‍ വരാതിരിക്കാന്‍ നല്ലപോലെ പ്രോട്ടീന്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.

പ്രോട്ടീനും അയേണും മാത്രമല്ലാതെ ബയോട്ടിന്‍ കുറയുന്നത് മുടി കൊഴിച്ചിലിന് കാരണമാണ്. പലരും ഇന്ന് മുടി കൊഴിയുമ്പോള്‍ ബയോട്ടിന്‍ ഗമ്മീസ് ഉപയോഗിക്കുന്നത് കാണാം. എന്നാല്‍, ബയോട്ടിന്‍ മുടിയുടെ ആരോഗ്യത്തില്‍ ഒരു ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നത്. എന്നാലും ഇതിന്റെ കുറവും മുടിയ്ക്ക് നല്ലതല്ല, അതുപോലെ, വിറ്റമിന്‍ ഡി കുറയുന്നത്, സിങ്ക് കുറയുന്നത്, വിറ്റമിന്‍ എ ശരീരത്തില്‍ അമിതമായാല്‍ മുടി കൊഴിയും. അതുപോലെ വിറ്റമിന്‍ ഇ കുറയുന്നത്, ഒമേഗ-3 ഫാറ്റി ആസിഡ് കുറയുന്നത്, വിറ്റമിന്‍ സി കുറയുന്നത്, അതുപോലെ തന്നെ വിറ്റമിന്‍ ബി3യുടെ കുറവും സത്യത്തില്‍ മുടി കൊഴിച്ചിലിന് കാരണമാണ്. അതിനാല്‍ ഈ പോഷകങ്ങളെല്ലാം ശരീരത്തില്‍ കൃത്യമാണെന്ന് ഉറപ്പാക്കണം.

മുടികൊഴിച്ചില്‍ വന്നാല്‍

നിങ്ങള്‍ക്ക് അമിതമായി മുടി കൊഴിയുന്നുണ്ട് എന്ന് തോന്നിയാല്‍ ആദ്യം തന്നെ ഒരു ഡോക്ടറെ കാണുകയാണ് വേണ്ടത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് പ്രകാരം ഡയറ്റും അതുപോലെ മരുന്നു എടുക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ചിലര്‍ക്ക് തലയിലെ താരന്‍ മൂലം മുടി കൊഴിയാം. ഈ സമയത്ത് ഡാന്‍ഡ്രഫ്ഷാംപൂ ഉപയോഗിക്കാതെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി ഉപയോഗിക്കാം. അതുപോലെ, തലമുടി നല്ല ആരോഗ്യത്തോടെ പരിപാലിക്കാനുള്ള മാര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇതെല്ലാം വളരെയധികം ഗുണം ചെയ്യും.