സ്ത്രീകളുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്ന ഒരു സമയമാണ് ആർത്തവകാലം. ചിലർക്ക് ആർത്തവ ദിവസം അടുക്കും തോറും പേടിയാണ്. കാരണം, അന്ന് അനുഭവിക്കേണ്ടിവരുന്ന വേദനയും അസ്വസ്ഥതും കൂടാതെ, മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളും പല സ്ത്രീകൾക്കും ഒരു ദുഃസ്വപ്‌നം തന്നെയാണ്.
ആർത്തവകാലത്ത് പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുക. ചിലർക്ക് വയറുവേദന ആയിരിക്കും. ചിലർക്ക് വയറുവേദനയും നടുവേദനയും വരാം. ചിലർക്കാണെങ്കിൽ പിരിയഡ് ഡേയ്റ്റ് അടുക്കും തോറും മൈഡ്രെയ്ൻ വരാൻ നല്ല സാധ്യത കൂടുതലാണ്. അതുപോലെ, നല്ലപോലെ മൂഡ് സ്വിംഗ് വരാനും സാധ്യത കൂടുന്നു. ഇത്തരത്തിൽ ആർത്തവകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന നടുവേദന കുറയ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
നടുവേദന വരുന്നതിന് പിന്നിൽ
ആർത്തവകാലത്ത് ഗർഭപാത്രത്തിൽ നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പൺ ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കൂടാതെ, ആർത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിൻസ് എന്ന ഹോർമോൺ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വർദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്‌സിജൻ എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന അനുഭവപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
കൂടാതെ, ആർത്തവകാലത്ത് സ്ത്രീകളുടെ ശരീരത്തിൽ നല്ലപോലെ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാം. ഇത്തരത്തിൽ ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് ഈസ്ട്രജനിലും പോസ്ട്രജനിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതും നടുവേദന വരുന്നതിന് പ്രധാന കാരണമാണ്. കൂടാതെ,ഈ സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന വീക്കം, അമിതമായിട്ടുള്ള സ്‌ട്രെസ്സ് എന്നിവയെല്ലാം തന്നെ ബാക്ക് പെയ്ൻ വരുന്നതിന് കാരണമാകുന്നു.
നടുവേദനയ്ക്ക് കാരണമാകുന്ന അസുഖങ്ങൾ
ആർത്തവകാലത്ത് നടുവേദന വരുന്നതിന് പിന്നിൽ ചില അസുഖങ്ങളും പലപ്പോഴും കാരണാകാറുണ്ട്. അതിൽ തന്നെ എൻഡ്രിയോമെട്രിയോസീസ് എന്ന കണ്ടീഷൻ ഉണ്ട്. അഥായത്, യൂട്ടെറൈൻ ലൈനിൽ കാണപ്പെടുന്ന അതേ ടിഷ്യൂ യൂട്രസിന്റെ പുറത്ത് വളരുമ്പോൾ അത് നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഇത് ആർത്തവകാലത്ത് വേദന ഉണ്ടാക്കുന്നതിന് കാരണമാണ്. അതുപോലെ ഫൈബ്രോയ്ഡ് ഉണ്ടെങ്കിൽ അത് ആർത്തവകാലത്ത് നടുവേദന വരുന്നതിന് കാരണമാകുന്നു. ഗർഭപാത്രത്തിൽ കാൻസറസ് അല്ലാത്ത മുഴകൾ അല്ലെങ്കിൽ തടിപ്പ് കാണപ്പെടുന്നതാണ് ഫൈബ്രോയ്ഡ്‌സ്. കൂടാതെ, അഡനോമയോസസ്( Adenomyosis) എന്ന അവസ്ഥ വരുമ്പോഴും ഇത്തരത്തിൽ ആർത്തവകാലത്ത് നിങ്ങൾക്ക് നടുവേദന അനുഭവപ്പെടാം.
നടുവേദന കുറയ്ക്കാൻ
ആർത്തവകാലത്തെ നടുവേദന കുറയ്ക്കാൻ നമ്മൾക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിൽ തന്നെ കുറച്ചും കൂടെ ഫലപ്രദവും, മിക്കവരും ഇന്ന് ചെയ്യുന്നതുമായ ഒരു കാര്യമാണ് ഹീറ്റ് തെറാപ്പി. നല്ല ചൂടുവെള്ളത്തിൽ കുളിക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ ഒരു തുണി ചൂടുവെള്ളത്തിൽ മുക്കി ചൂട് പിടിക്കാവുന്നതാണ്. അല്ലെങ്കിൽ വെള്ളം കുപ്പിയിൽ നല്ല ചൂട് വെള്ളം പിടിച്ച് നിങ്ങൾക്ക് ചൂട് പിടിക്കാം. രക്തോട്ടം വർദ്ധിപ്പിക്കുകയും അതുപോലെ, വേദന കുറയ്ക്കാൻ വളരകെയധികം സഹായിക്കുകയും ചെയ്യും.
വ്യായാമം
ആർത്തവാകലത്ത് അമിതമായിട്ടല്ലെങ്കിലും ചെറിയ രീതിയിൽ വ്യായാമം ചെയ്ത് ശീലിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് ആർത്തവത്തിന്റെ ഡേയ്റ്റ് അടുക്കുന്നതിന് മുൻപേ തന്നെ വ്യായാമം ചെയ്യാം. പ്രത്യേകിച്ച് യോഗ പോലെയുള്ള വ്യായാമ മുറകൾ സത്യത്തിൽ ശരീരത്തിന് നല്ലതാണ്. ആർത്തവകാലത്തെ മൂഡ് സ്വിംഗ് കുറയ്ക്കാൻ ഇത് സഹായിക്കും. ശരീരത്തിലേയ്ക്ക് നല്ലപോലെ രക്തോട്ടം ലഭിക്കുന്നതിനും അതിലൂടെ വേദനകൾക്ക് ആശ്വാസം നൽകാനും സഹായിക്കും. അതിനാൽ, ഫിസിക്കലി ആക്ടീവ് ആയിരിക്കാൻ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാം.
നല്ല ആഹാരം
ആർത്തവകാലത്ത് നല്ല ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നതും അതുപോലെ തന്നെ നല്ലപോലെ മഗ്നീഷ്യം അടങ്ങിയ ആഹാരം കഴിക്കുന്നതുമെല്ലാം ശരീരത്തിൽ വീക്കം സംഭവിക്കാതിരിക്കാൻ സഹായിക്കും. അതിനാൽ, ഇത്തരം ആഹാരങ്ങൾ മടുവേദന കുറയ്ക്കാൻ വളരെ നല്ലതാണ്.
ആഹാരം പോലെ തന്നെ നല്ലപോലെ സ്‌ട്രെസ്സ് ലെവൽ കുറയ്‌ക്കേണ്ടതും അനിവാര്യം തന്നെ. ആർത്തവ കാലത്ത് പലരിലും സ്‌ട്രെസ്സ് അമിതമാകുന്നത് കാണാം. ഇത്തരത്തിൽ സ്‌ട്രെസ്സ് കുറയ്ക്കാൻ നോക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവകാലത്തെ നടുവേദന കുറയ്ക്കാൻ ഇത് നല്ലതാണ്. അതുപോലെ, നിങ്ങൾക്ക് നടുവേദന വരുമ്പോൾ ഏതെങ്കിലും ബാം പുരട്ടാം. ഇത് കുറച്ച് നേരത്തേയ്ക്ക് ആശ്വാസം നൽകുന്നതാണ്. നല്ലപോലെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അതുപോലെ, നടുവിന് വേദന കൂട്ടുന്ന കാര്യങ്ങൾ അമിതമായി ചെയ്യാതിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്. നല്ലപോലെ വേദന ഉണ്ടെങ്കിൽ വിശ്രമിക്കേണ്ടതും അനിവാര്യം. വേദന ഒട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാവുന്നതാണ്.