നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും പല രോഗങ്ങളെയും തടയാനും വിറ്റാമിൻ സി ഏറെ ആവശ്യമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വിറ്റാമിൻ സിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിൻ സിയുടെ കുറവ് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുർബലപ്പെടാനും എപ്പോഴും ജലദോഷം, തുമ്മൽ പനി തുടങ്ങിയ സീസണൽ അണുബാധകൾ വരാനും സാധ്യതയുണ്ട്. എപ്പോഴുമുള്ള ഇത്തരം ലക്ഷണങ്ങളെ നിസാരമായി കാണേണ്ട. നിങ്ങളിൽ കാണുന്ന വിളർച്ച ചിലപ്പോൾ വിറ്റാമിൻ സിയുടെ കുറവിനെയാകാം സൂചന നൽകുന്നത്. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാൻ ഗുണം ചെയ്യും.
വിറ്റാമിൻ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഇതുമൂലം കാണാം. വിശപ്പ്, അമിത ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം. രക്തസ്രാവമുള്ള മോണകളും ഇടയ്ക്കിടെ രോഗബാധിതരാകുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ചർമ്മത്തിൽ കാണുന്ന ചെറിയ കുരുക്കളും തിണർപ്പും വിറ്റാമിൻ സിയുടെ കുറവ് മൂലമാകാം. വിറ്റാമിൻ സിയുടെ കുറവു മൂലം ചിലരിൽ മൂഡ് സ്വിംഗ്സും വരാം. മാനസികാരോഗ്യത്തിനും വിറ്റാമിൻ സി പ്രധാനമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.