കുഞ്ഞുങ്ങളുടെ മൂക്കിലെ ദശവളര്‍ച്ച; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയാമോ?

Advertisement

മൂന്ന് വയസിന് മുകളിൽ പ്രായമായ കുഞ്ഞുങ്ങളിൽ കണ്ടുവരുന്നൊരു പ്രധാന പ്രശ്നമാണ് മൂക്കിലെ ദശ വളർച്ച (അഡിനോയിഡ് ഹൈപെർട്രോഫി). മൂക്കിനു പിൻവശത്തായി രണ്ട് മുതൽ 15 വരെ വയസ്സായ കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് അഡിനോയിഡ്. ഈ ഗ്രന്ഥിയുടെ ക്രാമാതീതമായ വളർച്ചയാണ് അഡിനോയിഡ് ഹൈപെർട്രോഫി.

അലർജി, പാരമ്പര്യം, മുലപ്പാൽ കുടിക്കാത്ത കുട്ടികൾ, തുടർച്ചയായുള്ള അണുബാധ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ചിലതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇത് പലവിധ രോഗങ്ങൾക്കും ഇത് കാരണമാകും. അഡിനോയിഡ് ഹൈപെർട്രോഫിയുടെ ലക്ഷണങ്ങളിൽ പ്രധാനം കേൾവിക്കുറവാണ്. വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നതും പാട്ടുകേൾക്കുമ്പോഴോ ടിവി കാണുമ്പോഴോ ഒച്ച പോരെന്നു തോന്നി ശബ്ദം കൂട്ടിവെക്കുന്നതും ലക്ഷണങ്ങളാണ്. ഉറക്കത്തിൽ കൂർക്കം വലിക്കുക, കൂടുതൽ സമയവും വാ തുറന്നിരിക്കുക, വായിൽ പത വരുക, ബെഡിൽ ഉരുണ്ടു മറിയുക, അറിയാതെ കിടക്കയിൽ മൂത്രം ഒഴിക്കുക എന്നിവയാണ് അഡിനോയിഡ് ഹൈപെർട്രോഫിയുടെ മറ്റ് ലക്ഷണങ്ങൾ. ചില കുട്ടികൾക്ക് ഉറക്കത്തിൽ ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ ഉണ്ടാകാം. ചില കുട്ടികളിൽ ചെവിവേദന, ചെവിയിലെ പഴുപ്പ് ഒലിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകും.

അതേസമയം പ്രായമായ കുട്ടികളിൽ കൂർക്കം വലി, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. വളരെ നാളുകൾ ആയുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച കാരണം കുഞ്ഞുങ്ങളുടെ മുഖത്തിന്റെ ഷേപ്പ് മാറി പോയിട്ടുണ്ടാകും. കുട്ടികളുടെ വട്ട മുഖം മാറിയിട്ട് നീളമുള്ള മുഖമായി മാറും. പല്ലുകൾ പൊന്തിയും ക്രമം തെറ്റിയുമാകും. പലപ്പോഴും പല്ലുകൾ ക്ലിപ്പ് ഇട്ടു നേരെ ആക്കാൻ ദന്ത ഡോക്ടറെ കാണിക്കുമ്പോൾ അവർ ആയിരിക്കും കുട്ടിയുടെ മൂക്കിൽ തടസങ്ങൾ എന്തേലും ഉണ്ടോ എന്ന് നോക്കാൻ പറയുന്നത്. കാരണം മൂക്കിൽ അഡിനോയ്ഡ് വളർച്ച ഉള്ളിടത്തോളം കാലം, പല്ലിൽ ക്ലിപ്പ് ഇട്ടിട്ടും കാര്യം ഇല്ല. അഡിനോയിഡ് രോഗനിർണ്ണയം നടത്തുന്നതിന് ഇഎൻടിയിൽ പലവിധ സംവിധാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട എൻഡോസ്‌കോപ്പി പോലെയുള്ള മാർഗ്ഗങ്ങളോട് കുഞ്ഞുങ്ങൾ വിമുഖത കാട്ടിയാൽ എക്‌സ്‌റേയിലൂടെ രോഗനിർണ്ണയം നടത്താനും ചികിത്സ നിശ്ചയിക്കാനും കഴിയും.