അറിയുമോ ശരീരത്തിൽ സോഡിയത്തിന്റെ പ്രാധാന്യം?

Advertisement

ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിൽ രക്തത്തിലെയും കോശങ്ങളിലെയും വിവിധ ലവണങ്ങൾക്ക് നിർണായക പങ്കാണുള്ളത്. അവയിലെ അളവിൽ വരുന്ന ഏതുതരം വ്യത്യാസങ്ങളും തലച്ചോറുൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.

ശരീരത്തിലെ ലവണങ്ങളിൽ ഏറ്റവും പ്രധാനം സോഡിയമാണ്, വ്യതിയാനങ്ങൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകാറുള്ളതും ഇതുമൂലമാണ്. രക്തസമ്മർദം ശരിയായി ക്രമീകരിക്കുന്നതിലും തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിനും സോഡിയത്തിന്റെ അളവ് ഒരു നിശ്ചിത നിലയിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ, പ്രത്യേകിച്ചും സോഡിയം കുറയുന്നത്, കോശങ്ങളിൽ കൂടുതലായി ജലാംശം വർധിച്ച് വീർക്കുന്നതിനും അതുമൂലം അവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു.

തലച്ചോറിലെ കോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഓക്കാനം, ഛർദി, ക്ഷീണം, തളർച്ച, പേശിേവദന, പേശികൾ കോച്ചിപ്പിടിക്കുക, ബോധനിലയിലുള്ള വ്യത്യാസം, പരസ്പരബന്ധമില്ലാത്ത സംസാരം, അപസ്മാരം, ബോധക്ഷയം, പൂർണമായ അബോധാവസ്ഥ, ഓർമക്കുറവും നടക്കുന്നതിനുള്ള ബുദ്ധിമുട്ടും ലക്ഷണങ്ങളായി കാണാറുണ്ട്. സാധാരണയായി വളരെ സാവധാനമാണ് സോഡിയത്തിന്റെ അളവ് കുറയാറുള്ളത്. എന്നാൽ, അപൂർവമായി, ഗുരുതരമായ രോഗബാധയോടൊപ്പം വളരെ വേഗത്തിൽ സോഡിയം കുറയുന്നത് മറ്റു ലക്ഷണങ്ങളില്ലാതെ അപസ്മാരവും ബോധക്ഷയവും ഉണ്ടാകുന്നതിനും മരണത്തിനും ഇടയാക്കും. പ്രായമായവരിലാണ് സോഡിയം കുറയുന്നതിനുള്ള സാധ്യത കൂടുതൽ.

Advertisement