ഇന്ത്യയിൽ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധനയുണ്ടായതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 56,653 അപ്രതീക്ഷിത മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് എൻസിആർബി കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇതിൽ 32,457 മരണങ്ങളും ഹൃദയാഘാതം മൂലമായിരുന്നു. 2021ലെ 28,413 ഹൃദയാഘാത മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 12.5 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്. 2021ൽ 50,773 അപ്രതീക്ഷിത മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2022ലെ 56,653 അപ്രതീക്ഷിത മരണങ്ങളിൽ 47,406 പേർ പുരുഷന്മാരും 9243 പേർ സ്ത്രീകളുമായിരുന്നതായും റിപ്പോർട്ട് പറയുന്നു. ഇവരിൽ 19,456 പേർ 45-60 പ്രായവിഭാഗത്തിലുള്ളവരും 16,808 പേർ 30-45 പ്രായവിഭാഗത്തിൽപ്പെട്ടവരുമാണ്. 6819 പേർ 18-30 പ്രായവിഭാഗത്തിൽ മരണപ്പെട്ടപ്പോൾ 60ന് മുകളിൽ പ്രായമുള്ള 11,714 പേരാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്.
14-18 പ്രായവിഭാഗത്തിൽ 838 പേരും 14 വയസ്സിൽ താഴെയുള്ളവരിൽ 1025 പേരും അപ്രതീക്ഷിത മരണത്തിനിരയായി. കോവിഡ് മഹാമാരി ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചതിനു പിന്നിലെ കാരണങ്ങളിലൊന്നാകാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേ സമയം വാക്‌സിനേഷനും ഇത്തരം മരണങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ന്യൂഡൽഹി എയിംസിലെ ഹൃദ്രോഗ വിദഗ്ധൻ പറയുന്നു. സമ്മർദ്ദം, പുകവലി, അലസമായ ജീവിതശൈലി, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെല്ലാം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്