അറിയാം സോറിയാസിസിനെ

Advertisement

ശരീരത്തിൽ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ചർമ്മത്തിന്റെ പുറംപാളിയായ എപ്പിഡെർമിസിന്റെ വളർച്ച ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം വർധിക്കുന്നതാണ് സോറിയാസിസ് എന്നും പറയാം.

തൊലി അസാധാരണമായ രീതിയിൽ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസിൽ ഉണ്ടാകുന്നത്. ത്വക്കിൽ പാടുകൾ ഉണ്ടാകുകയും അതിൽ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകുകയും ശകലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈകളിലും കാലുകളിലും മുട്ടുകളിലും പുറത്തുമാണ്. തലയിൽ താരൻ പോലെ ശകലങ്ങളായി പാടുകളായോ സോറിയാസിസ് തുടങ്ങാം. നഖങ്ങളിൽ നിറവ്യത്യാസം, ചെറിയ കുത്തുകൾ, കേട് എന്നിവയും ചിലരിൽ കാണാം. തൊലി വല്ലാതെ വരണ്ടുപോവുകയും ഇതിനിടയിൽ വിള്ളൽ വന്ന് രക്തം വരികയും ചെയ്യുന്നത്, തൊലിപ്പുറത്ത് പൊള്ളുന്നത് പോലുള്ള അനുഭവം, ചൊറിച്ചിൽ, വേദന എന്നിവ അനുഭവപ്പെടുന്നതൊക്കെ ഇതിന്റെ ലക്ഷണമാകാം.

സന്ധികളിൽ വീക്കമോ വേദനയോ അനുഭവപ്പെടുന്നതും നഖങ്ങളിൽ വിള്ളലോ പൊട്ടലോ തുടർച്ചയായി ഉണ്ടാകുന്നതും ചിലരിൽ രോഗ ലക്ഷണമാകാം. രോഗലക്ഷണങ്ങൾ ഇടയ്ക്ക് തീവ്രമാകുന്നതും ചിലപ്പോൾ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. സോറിയാസിസ് രോഗത്തിന്റെ ക്യത്യമായ കാരണങ്ങൾ ഇന്നും വ്യക്തമല്ലെങ്കിലും പ്രതിരോധ സംവിധാനത്തിന്റെ തകരാറും ജനിതക ഘടകങ്ങളുമെന്നാണ് പൊതുവേ കരുതുന്നത്. സോറിയാസിസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. സോറിയാസിസ് വീണ്ടും ആവർത്തിക്കുന്ന രോഗമായതിനാൽ തുടർചികിത്സയും പരിചരണവും അനിവാര്യമാണ്.

Advertisement