പോഷകഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മാതളം. അല്‍പം പുളിയോട് കൂടിയ മധുരമുള്ള ഈ പഴം ജ്യൂസ് ആക്കിയോ, സലാഡിനൊപ്പമോ കഴിക്കാവുന്നതാണ്. ഭക്ഷ്യയോഗ്യമല്ലാത്ത മാതളത്തിന്റെ പുറംതോട് ചര്‍മത്തിനും നല്ലതാണ്. ഇത് ഉണക്കി ഫേസ്പാക്കായും ഉപയോഗിക്കാം. മാതളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹത്തെ പറ്റി പേടി വേണ്ട
പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പഴങ്ങളിലൊന്നാണ് മാതളം. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെട്ടതായി കണ്ടെത്തലുകളുണ്ടായിരുന്നു. മാത്രമല്ല, ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും മാതളം സഹായിക്കും.
വൃക്കയിലെ കല്ലിനെ ചെറുക്കുന്നു
ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് വൃക്കയിലുണ്ടാകുന്ന കല്ലുകള്‍. പ്രധാനമായും വെള്ളത്തിന്റെ അഭാവമാണ് ഈ അവസ്ഥക്ക് കാരണം. മാതളനാരങ്ങയുടെ സത്ത് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയും.
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ധമനികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടുന്നത് രക്തപ്രവാഹം തടസപ്പെടുത്തുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ധമനികളെ തടസപ്പെടുത്തുന്ന മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ മാതള ജ്യൂസ് ഉത്തമമാണ്. കൂടാതെ, ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ നല്ല കൊളസ്ട്രോള്‍ ഉയര്‍ത്താനും മാതളം സഹായിക്കും.
അണുബാധകളെ തടയും
അസുഖങ്ങള്‍ മൂലമോ മുറിവുകള്‍ കൊണ്ടോ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ മാതളം സഹായിക്കും. മുറിവുകള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ തടയാനും ബാക്ടീരിയകളെ അകറ്റാനും മാതളം പ്രയോജനകരമാണ്.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു പഴമാണ് മാതളം. മസ്തിഷ്‌ക കോശങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് മാതളം സഹായിക്കുന്നു. കൂടാതെ, തലച്ചോറിനെ ബാധിക്കാന്‍ സാധ്യതയുള്ള അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളെ തടയാനും മാതളം ഫലപ്രദമാണ്.
ആന്റിഓക്സിഡന്റുകളുടെ കലവറ
ശക്തിയേറിയ ആന്റിഓക്സിഡന്റുകളുടെ കലവറയായ മാതളം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കും
രക്തസമ്മര്‍ദം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തപ്രവാഹം കൂട്ടാനും മാതളജ്യൂസ് കുടിക്കാം. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആന്റ് ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍
സന്ധിവാതം, പ്രമേഹം, അര്‍ബുദം എന്നിവയിലേക്കു നയിക്കാവുന്ന ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മാതളജ്യൂസിനുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നു
അതിസാരം, ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് തുടങ്ങിയ ദഹനരോഗങ്ങള്‍ക്ക് മികച്ച പരിഹാരമാണ് മാതള ജ്യൂസ്. ഇതിലടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറുകള്‍ മലബന്ധം തടഞ്ഞ് ദഹനം ഉറപ്പാക്കുന്നു.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ഇവയെ പ്രതിരോധിക്കാന്‍ മാതളനാരങ്ങ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫ്‌ലേവനോയ്ഡുകളും ചര്‍മത്തിനും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ഉത്തമമാണ്.