രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. സ്‌പെയ്‌നിലെ ബാർസലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെയും ഫ്രാൻസിലെ സെന്റർ ഓഫ് റിസർച്ച് ഇൻ എപ്പിഡെമോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിലെയും ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. ഗവേഷണഫലം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.
ശരാശരി 42 വയസ്സ് പ്രായമുള്ള 1,03,389 പേരിൽ ഏഴ് വർഷത്തോളമാണ് പഠനം നടത്തിയത്. പഠനസമയത്ത് ഇതിൽ 2036 പേർക്ക് ഹൃദ്രോഗം ബാധിക്കപ്പെട്ടു. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത് വർദ്ധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു. കലോറി കത്തിക്കാനും വിശപ്പ് നിയന്ത്രിക്കാനുമുള്ള ശരീരത്തിന്റെ ശേഷി ശരീരത്തിലെ സ്വാഭാവിക ക്ലോക്കായ സിർകാഡിയൻ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഭക്ഷണം കഴിക്കുന്ന നേരങ്ങൾ ഈ റിഥവുമായി യോജിക്കാത്ത പക്ഷം കൊഴുപ്പിനെ ശേഖരിക്കുന്ന ഹോർമോണുകളുടെ തോത് ഉയരുകയും ഇത് വഴി ഭാരവർധനയുണ്ടാകുകയും ചെയ്യും. അതേ സമയം ഭക്ഷണത്തിന്റെ സമയക്രമത്തിനൊപ്പവും നിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പഠനറിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.