അറിയാം ബ്ലോട്ടിം​ഗിനെക്കുറിച്ച്

Advertisement

വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്ന അവസ്ഥയെയാണ് ബ്ലോട്ടിങ് എന്ന് വിളിക്കുന്നത്. വയറിൽ അകാരണമായ സമ്മർദ്ദം, വേദന, അമിതമായ ഗ്യാസ്, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്.

ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അമിതമായ ഭക്ഷണം, അമിതമായി കൊഴുപ്പ് ചേർന്ന ഭക്ഷണം, വേഗത്തിലുള്ള ഭക്ഷണം കഴിപ്പ് എന്നിവയെല്ലാം ബ്ലോട്ടിങ്ങിന് കാരണമാകാം. ബ്ലോട്ടിങ് ഒഴിവാക്കാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം.

വെള്ളം ഭക്ഷണത്തിന് അര മണിക്കൂർ മുൻപും ഒരു മണിക്കൂർ ശേഷവും. ദഹനപ്രക്രിയയിൽ പ്രമുഖ സ്ഥാനമാണ് വെള്ളത്തിനുള്ളത്. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കാൻ സഹായിക്കും. എന്നാൽ കൃത്യ സമയത്ത് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേർപ്പിച്ച് കളയും. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ബാധിക്കും. ഇതിനാൽ കഴിക്കുന്നതിന് അര മണിക്കൂർ മുൻപും കഴിച്ചതിന് ഒരു മണിക്കൂർ കഴിഞ്ഞും മാത്രമേ വെള്ളം കുടിക്കാവൂ. ഭക്ഷണം വലിച്ചു വാരി തിന്നാതെ നന്നായി ചവച്ചരച്ചു കഴിക്കാനും ശ്രദ്ധിക്കണം. പതിയെ ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞ പ്രതീതിയും ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ സഹായിക്കും.

നന്നായി ചവച്ച് തിന്നാൽ ഉമിനീരിലൂടെ അമിലേസ് എന്ന രസം ഭക്ഷണവുമായി കലർന്ന് വയറിലെത്തും മുൻപ് തന്നെ ദഹനപ്രക്രിയ ആരംഭിക്കും. പച്ചക്കറികൾ പച്ചയ്ക്ക് തിന്നാൽ ദഹിക്കാൻ അൽപം ബുദ്ധിമുട്ടായിരിക്കും. ഇതിലെ ഫൈബറും ദഹിക്കാൻ ദീർഘമായ സമയമെടുക്കും. ഇതിനാൽ പച്ചക്കറികൾ പാകം ചെയ്തു കഴിക്കുന്നത് ബ്ലോട്ടിങ് ഒഴിവാക്കാൻ സഹായകമാണ്. ആവി കയറ്റി വേവിച്ച് പച്ചക്കറികൾ കഴിക്കാവുന്നതാണ്. വയർ നിറയെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനാണ് പലരും ശ്രമിക്കുക. വയർ നിറഞ്ഞാൽ പെട്ടെന്ന് ഉറക്കം വരും താനും. പക്ഷേ, അങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയ മന്ദഗതിയിലാക്കും. ഇതിന് പകരം ഒരു അര മണിക്കൂർ നടക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കുകയും ചെയ്യും. ബ്ലോട്ടിങ്ങും മറ്റ് ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും ഈ നടപ്പ് നല്ലതാണ്.

Advertisement