മഞ്ഞുകാലത്ത് വേണം മുടിക്ക് കൂടുതൽ സംരക്ഷണം

Advertisement

മഞ്ഞുകാലത്ത് മുടി കൊഴിച്ചിലുണ്ടാകാം. ഈ കാലാവസ്ഥ മുടി കൊഴിച്ചിലിന് അനുകൂലാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്നത് സത്യമാണ്. മഞ്ഞുകാലത്ത് അന്തരീക്ഷം വരണ്ടിരിക്കും. ഇത് തലയോട്ടിയും മുടിയുമൊക്കെ വല്ലാതെ ‘ഡ്രൈ’ ആകുന്നതിലേക്ക് നയിക്കും. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം.

മുടി പൊട്ടിപ്പോവുക, മുടിയുടെ കട്ടി കുറഞ്ഞുപോവുക, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് കൂടാം. ഇതെല്ലാം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ പല രീതിയിലായി മുടിയുടെ ആരോഗ്യം മഞ്ഞുകാലത്ത് ബാധിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാൻ മഞ്ഞുകാലത്ത് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും കുറഞ്ഞത് മുടിയിലും തലയോട്ടിയിലും നന്നായി എണ്ണ തേച്ചുപിടിപ്പിക്കണം. ഇത് ഡ്രൈ ആകുന്നത് തടയാൻ സഹായിക്കും. മഞ്ഞുകാലത്തിനായി പ്രത്യേകമുള്ള ഹെയർ കെയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. മുടിക്ക് പ്രശ്നമുള്ളവർ ഹീറ്റ് സ്റ്റൈലിംഗ്, അത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

മുടിക്ക് പ്രശ്നമില്ലാത്തവരായാലും ഹീറ്റ് സ്റ്റൈലിംഗ് മഞ്ഞുകാലത്ത് അത്ര നല്ലതല്ല. ഇനി, നനഞ്ഞ മുടി അപ്പാടെ ഇട്ട് പുറത്തുപോകുന്നതും ഒഴിവാക്കണം. ഇതും മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമാകും. മഞ്ഞുകാലത്ത് മുടി കൊഴിച്ചിൽ ഒഴിവാക്കാൻ മുടി എപ്പോഴും മോയിസ്ചറൈസ് ചെയ്ത് നിർത്തുന്നതാണ് മികച്ചൊരു മാർഗം. ആഴ്ചയിലൊരിക്കലെങ്കിലും ലീവ്-ഇൻ കണ്ടീഷ്ണർ ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്.

Advertisement