കൊവിഡിന് ഇതാ ഇങ്ങനെയും ഒരു അനന്തരഫലം

Advertisement

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് 19 കേസുകൾ സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19, അടിസ്ഥാനപരമായ ശ്വാസകോശരോഗമാണെങ്കിൽ കൂടിയും അത് ശ്വാസകോശത്തെ മാത്രമല്ല, മറ്റ പല അവയവങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പല പഠനങ്ങളും വിലയിരുത്തി കഴിഞ്ഞിട്ടുള്ളതാണ്. മാത്രമല്ല കൊവിഡ് ബാധിച്ചതിന് ശേഷം ഏറെ നാൾ ഇതിന്റെ പ്രത്യാഘാതങ്ങൾ ആരോഗ്യത്തിൽ നേരിടുന്ന ‘ലോംഗ് കൊവിഡ്’ എന്ന അവസ്ഥയെ കുറിച്ചും നമ്മൾ ഏറെ ചർച്ച ചെയ്തിട്ടുള്ളതാണ്.

ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്തി വായിക്കാവുന്നൊരു പഠനറിപ്പോർട്ട് ആണ് ഏറെ ശ്രദ്ധേയമാകുന്നത്. യുഎസിലെ വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കൊവിഡ് 19 ബാധിച്ച യുവാക്കളിൽ പിന്നീട് ഗുരുതരമായ മാനസിക രോഗമായ ‘സ്‌കീസോഫ്രീനിയ’ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നുവെന്നാണ് പഠനം സമർത്ഥിക്കുന്നത്. കൊവിഡ് 19 കാര്യമായ തീവ്രതയിൽ ബാധിച്ചവരിലാണ് ഗവേഷകർ ഈ സാധ്യത കണ്ടെത്തിയിട്ടുള്ളത്. എന്നുവച്ചാൽ കൊവിഡ് 19 ഗൗരവതരമായി ബാധിച്ച യുവാക്കളെയെല്ലാം ‘സ്‌കിസോഫ്രീനിയ’ കടന്നുപിടിക്കുമെന്നർത്ഥമില്ല. എന്നാലിതിന് ഏറെ സാധ്യത കാണുന്നുവെന്നാണ് പഠനം പറയുന്നത്.

ഇല്ലാത്ത കാഴ്ച കാണുക, ശബ്ദങ്ങൾ കേൾക്കുക തുടങ്ങി തലച്ചോറിന്റെ പ്രവർത്തനം സാധാരണയിൽ നിന്ന് വിഭിന്നമായി പോവുന്ന അവസ്ഥയാണ് ‘സ്‌കീസോഫ്രീനിയ’. സാധാരണഗതിയിൽ നാം ചിന്തിക്കുന്നത് പോലെയോ പെരുമാറുന്നത് പോലെയോ കാര്യങ്ങൾ ഉൾക്കൊള്ളുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നത് പോലെയൊന്നും ‘സ്‌കീസോഫ്രീനിയ’ ഉള്ളവർക്ക് സാധ്യമല്ല. അതിനാൽ തന്നെ ഇത് അൽപം ഗൗരവമുള്ള മാനസികാരോഗ്യപ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.

വൈറൽ ഇൻഫെക്ഷൻസ് ‘സ്‌കീസോഫ്രീനിയ’യിലേക്ക് നയിക്കാമെന്ന് നേരത്തേ ചില പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെയൊരു തുടർച്ചയെന്നോണം ഈ പഠനത്തെയും നമുക്ക് കാണാം. ഈയൊരു സാഹചര്യത്തിൽ കൊവിഡാനന്തരം രോഗികളെ എത്തരത്തിലെല്ലാം ശ്രദ്ധിക്കണം, എന്തെല്ലാം കാര്യങ്ങളിൽ നമുക്ക് ജാഗ്രത വേണം എന്ന കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.