ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കുടവയർ പുറത്തേക്ക് തള്ളിനിൽക്കുന്നത് ഒഴിവാക്കാൻ നമ്മളിൽ പലരും കുറച്ച് എയർ പിടിച്ച് നിൽക്കുന്നത് പതിവാണ്. എന്നാൽ ഈ പതിവ് ദീർഘകാല ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ശ്വാസം പിടിച്ച് വയർ ഉള്ളലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികൾക്ക് സമ്മർദ്ദവും ക്ഷതവും ഏൽപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം. വയർ ഉള്ളിലേക്ക് വലിക്കുമ്പോൾ ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ബാധിക്കപ്പെടുന്നത് ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിക്കും. മാത്രമല്ല ഇത് ശീലമാക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയാനും കാരണമാകാമെന്ന് ഫിറ്റ്‌നസ് വിദഗ്ധർ പറയുന്നു.
കുടവയർ കാണാതിരിക്കാൻ ഇത്തരത്തിലുള്ള കുറുക്കുവഴികൾ നോക്കാതെ ശരീയായ ഡയറ്റിലൂടെ അത് പരിഹരിക്കുകയാണ് വേണ്ടത്. ആരോഗ്യകരവുമായ ജീവിതശൈലി, വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. വയർ അൽപമൊന്ന് ചാടിയാൽ സൗന്ദര്യം നഷ്ടമായി എന്നത് നെഗറ്റീവായ ശരീര സങ്കൽപത്തിന് വഴി വെക്കുമെന്നും വിദഗ്ധർ പറയുന്നു. ശരീരത്തെ അതിന്റെ സ്വാഭാവിക വടിവുകളോടെയും ആകൃതിയോടെയും അംഗീകരിക്കാൻ ശീലിക്കുന്നതാണ് ആരോഗ്യകരവും പോസിറ്റീവുമായ പ്രതിച്ഛായ സ്വയം ഉണ്ടാക്കിയെടുക്കാനുള്ള വഴി.