കോവിഡിന്റെ പുത്തൻ വകഭേദം കവർന്നത് 10,000 ജീവനുകൾ, കോവിഡിനെ പ്രതിരോധിക്കാൻ ഇവയൊന്ന് ശീലിക്കൂ

Advertisement

കോവിഡിന്റെ പുതു വകഭേദമായ ജെഎന്‍.1 മൂലം കഴിഞ്ഞ ഡിസംബറില്‍ ലോകത്താകെ 10,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താനാകുമെന്നു പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും നട്‌സും അധികമുള്ളതും പാലുത്പന്നങ്ങളും മാംസവും കുറവുള്ളതുമായ ഭക്ഷണക്രമം അണുബാധയെ ചെറുക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സസ്യാധിഷ്ഠിത ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോസ്റ്റെറോളുകളും പോളിഫിനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും ഇത് പ്രതിരോധ കോശങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് കോവിഡ് സാധ്യത കുറയ്ക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ആഴ്ചയില്‍ മൂന്ന് തവണയിലധികം മാംസാഹാരം കഴിക്കുന്നരുടെ കോവിഡ് സാധ്യത സസ്യാഹാരികളെ അപേക്ഷിച്ച് ഗണ്യമായി ഉയരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

702 പേരിലാണ് ഗവേഷണം നടത്തിയത്. മിശ്രഭുക്കുകള്‍ക്ക് കോവിഡ് സാധ്യത 52 ശതമാനമായിരുന്നപ്പോള്‍ സസ്യാഹാരികള്‍ക്ക് ഇത് 40 ശതമാനമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മിതമായത് മുതല്‍ തീവ്രമായത് വരെയുള്ള ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത മിശ്രഭുക്കുകള്‍ക്ക് 18 ശതമാനവും സസ്യാഹാരികള്‍ക്ക് 11 ശതമാനവുമാണെന്നും കണ്ടെത്തി. അമിതവണ്ണം, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കൂടുതലായി കണ്ടെത്തിയതും മിശ്രഭുക്കുകളിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതും ഇവരുടെ കോവിഡ് സാധ്യതയും ലക്ഷണങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.