കോവിഡ് പുരുഷൻമാരുടെ പ്രത്യുത്പാദനത്തെ ബാധിക്കുമോ?

Advertisement

കോവിഡ് ബാധ പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ താൽക്കാലികമായി ബാധിക്കുമെന്ന് പുതിയ പഠനം. കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകൾ ഉയർന്നിരുന്നു.

കോവിഡ് മുക്തമാകുന്നതോടെ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നു പഠനത്തിൽ ചൂണ്ടികാണിക്കുന്നു. ചൈനയിൽ വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2022 ജൂൺ മുതൽ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ചൈനയിലെ ഗുലിൻ പീപ്പിൾസ് ആശുപത്രിയിൽ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെർട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ ബീജസാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ പാരാമീറ്ററുകളിലെ മാറ്റങ്ങളെ വിശകലനം ചെയ്തത്.

കോവിഡ് ബാധയ്ക്ക് മുൻപുള്ള ആറ് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള മൂന്ന് മാസം, കോവിഡ് മുക്തമായതിന് ശേഷമുള്ള ആറ് മാസം എന്നിങ്ങനെയാണ് സമയക്രമം തിരിച്ചത്. കോവിഡ് ബാധയ്ക്ക് ശേഷം ബീജത്തിന്റെ സാന്ദ്രതയും എണ്ണവും കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. എന്നാൽ കോവിഡ് മുക്തമായി മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ബീജത്തിന്റെ സാന്ദ്രത, എണ്ണം, ചലനം, രൂപഘടന എന്നിവയിൽ വർധനവുണ്ടായതായും പഠനത്തിൽ പറയുന്നു.കോവിഡ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

Advertisement