ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനിൽക്കണമെങ്കിൽ അടിസ്ഥാനപരമായി നമുക്ക് രാത്രിയിൽ കൃത്യമായ ഉറക്കം ലഭ്യമായിരിക്കണം. അതോടൊപ്പം തന്നെ രാവിലെ ചിലത് നിർബന്ധമായി ചെയ്യുകയും വേണം.
ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേൽക്കാൻ ശ്രമിക്കുക. ഈ ചിട്ട തീർച്ചയായും ആരോഗ്യത്തെ പോസിറ്റീവായ രീതിയിൽ സ്വാധീനിക്കുകയും മെച്ചപ്പെടുത്തകയുമെല്ലാം ചെയ്യും. ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാൽ ഇതത്ര ആരോഗ്യകരമായൊരു ശീലമല്ലെന്ന് മനസിലാക്കുക. രാവിലെ വെറുംവയറ്റിൽ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം വലിയൊരു വിഭാഗം പേരിലും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
രാവിലെ ഉറക്കമുണർന്നയുടൻ ഒരു ഗ്ലാസ് വെള്ളം, സാധാരണ താപനിലയിൽ ഉള്ളതോ ഇളംചൂടുള്ളതോ- കുടിച്ചുകൊണ്ട് തുടങ്ങാം. ഇതാണ് ആരോഗ്യകരമായ രീതി. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളുന്നതിനും, ദഹനപ്രശ്നങ്ങളകറ്റാനും, ഉന്മേഷത്തിനുമെല്ലാം ഈ ശീലം വളരെ നല്ലതാണ്. എഴുന്നേറ്റ്, വെള്ളം കുടിച്ച്, അൽപം കഴിഞ്ഞ ശേഷം സ്ട്രെച്ച് ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. വർക്കൗട്ട്/ വ്യായാമം ഇതിൽ നിന്ന് വ്യത്യസ്തമാണ്. അല്ലെങ്കിൽ ജോഗിംഗ്/ നടത്തം പതിവാക്കുന്നതും ഏറെ നല്ലതുതന്നെ. രാവിലെ കുളിക്കുന്നത് ഉന്മേഷം കൂട്ടാൻ ഒരുപാട് സഹായിക്കും. അത് തണുത്ത വെള്ളത്തിൽ തന്നെയാകുമ്പോഴാണ് ദിവസം മുഴുവൻ അതിന്റെ ഉന്മേഷം കിട്ടൂ. തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഇത് രക്തയോട്ടം വർധിപ്പിക്കുന്നു. അങ്ങനെയാണ് വലിയൊരു പരിധി വരെ നമുക്ക് എനർജി നേടാൻ സാധിക്കുന്നത്. നമ്മുടെ മനസിന് സന്തോഷവും പ്രതീക്ഷയും പകർന്നുനൽകും വിധത്തിലുള്ള സംഗീതം രാവിലെ അല്പനേരം ആസ്വദിക്കുന്നതും ഒരു ശീലമാക്കാവുന്നതാണ്. ഇത് മനസിന് നല്ല ഉണർവും ശരീരത്തിന് ഉന്മേഷവും നൽകും.