പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നിന്ന് പുറത്തു വരുന്ന ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തിൽ പകരുന്ന ‘കാൻഡിഡ ഓറിസ്’ ഫംഗൽ ബാധ വ്യാപകമാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇത്തരമൊരു കേസ് ശ്രദ്ധയിൽപ്പെടുന്നത് ജനുവരി ആദ്യമായാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെ തന്നെയാണ് ഈ രോഗം ഏറെ ബാധിക്കുന്നത്. ഈ രോഗം ബാധിച്ചാൽ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ അണുബാധ പിടിപെടും. ചെവിയിലോ, ചെറിയ മുറിവുകളുണ്ടായിട്ടുണ്ടെങ്കിൽ അതിലോ, അതല്ലെങ്കിൽ രക്തത്തിലാകെയോ തന്നെയാകാം ഈ അണുബാധ പിടിപെടാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പല രോഗികളിലും ഈ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ഫംഗസ് ബാധയുള്ളയാൾ തൊട്ട പ്രതലങ്ങൾ, ഉപയോഗിച്ച സാധനങ്ങൾ എല്ലാം രോഗം പടരാൻ കാരണമാകുമെന്നും പറയപ്പെടുന്നുണ്ട്.
ചികിത്സയിലിരിക്കുന്ന രോഗികളുപയോഗിച്ച സാധനങ്ങളിലെല്ലാം ഡോക്ടർമാർ ഇത്തരത്തിൽ ഫംഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ രോഗമുള്ളവർ മാറി താമസിക്കുകയെന്നത് നിർബന്ധമാണ്.