കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന കോട്ടൺ കാൻഡി

Advertisement

പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടൺ കാന്റി അഥവാ പഞ്ഞി മിഠായി. അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിയിൽ കണ്ടെത്തി.

പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ ജാഗ്രത പുലർത്താൻ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നൽകി.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, റോഡാമൈൻ ബി ദീർഘകാലം ഭക്ഷണത്തിൽ ഉപയോഗിച്ചാൽ കരൾ പ്രവർത്തനരഹിതമാകുകയോ അല്ലെങ്കിൽ ക്യാൻസറിലേക്ക് നയിക്കുകയോ ചെയ്യുന്നു. കൂടാതെ ഒരു ചെറിയ കാലയളവിൽ വലിയ അളവിൽ സമ്പർക്കം പുലർത്തുമ്പോൾ, അത് കടുത്ത വിഷബാധയ്ക്ക് കാരണമാകുന്നു.