ഭക്ഷണത്തിന് ഉറക്കത്തെയും സ്വാധീനിക്കാനാകും, നല്ല ഉറക്കത്തിന് ഇവ ശീലമാക്കൂ

Advertisement

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് നമ്മുടെ മാനസികനിലയെ സ്വാധീനിക്കാൻ കഴിയുമെന്നതു പോലെ തന്നെ ഉറക്കത്തെയും സ്വാധീനിക്കാൻ കഴിയും. ഉദരവും തലച്ചോറും തമ്മിൽ ബന്ധമുള്ളതിനാലാണിത്.

നമ്മുടെ ഉദരത്തിൽ കോടിക്കണക്കിന് ഗട്ട് മൈക്രോബയാറ്റയുണ്ട്. ഇവയാണ് മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ കാരണമായ സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ ഉൽപാദനത്തിന് പിന്നിൽ. ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം കാരണവും ഉറക്കം മോശമാകാം. അതിനാൽ നല്ല ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് വാഴപ്പഴം. മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്‌റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം കഴിക്കുന്നത് മെലാടോണിന്റെ ഉൽപാദത്തിന് സഹായിക്കും. കൂടാതെ പേശികളെ വിശ്രാന്തിയിലാക്കുകയും ചെയ്യും.

ധാരാളം ആന്റിഓക്‌സിഡന്റുകൾ, സെറോടോണിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയും ധാരാളമുള്ളതിനാൽ ഉറക്കം മെച്ചപ്പെടുത്താൻ കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബദാമിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് മസിലുകളെ റിലാക്‌സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. ഡയറ്റിൽ പതിവായി യോഗർട്ട് ഉൾപ്പെടുത്തുന്നത് ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കൾക്കും ദഹനത്തിനും നല്ലതാണ്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ യോഗാർട്ട് സഹായിക്കും.

Advertisement