മൈ​ഗ്രെയ്ന് ഇറിറ്റബിൾ ബവൽ സിൻഡ്രോമുമായി ബന്ധമെന്ന് പഠനം

Advertisement

ലോകത്തിലെ 100 കോടിയിലധികം പേർക്ക് ഓരോ വർഷവും ഒരു തവണയെങ്കിലും മൈഗ്രെയ്ൻ ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രെയ്ൻ വർധിപ്പിക്കുമെന്ന് മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇതിന് പുറമേ ഇറിറ്റബിൾ ബവൽ സിൻഡ്രോം(ഐബിഎസ്) പോലെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളുമായും മൈഗ്രെയ്‌ന് ബന്ധമുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 10 ദശലക്ഷം പേരുടെ ഡാറ്റ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലെ സോൾ നാഷണൽ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. ഇതിൽ മൂന്ന് ശതമാനം പേർക്ക് ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉണ്ടായിരുന്നു. മൈഗ്രേയ്ൻ ഇല്ലാത്തവരെ അപേക്ഷിച്ച് മൈഗ്രെയ്ൻ ഉള്ളവരിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത അധികമായിരുന്നതായി ഗവേഷകർ നിരീക്ഷിച്ചു.
മൈഗ്രെയ്ൻ ഉള്ളവരിൽ അൾസറേറ്റീവ് കൊളൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ അധികമാണെന്നും പഠനറിപ്പോർട്ട് പറയുന്നു. മൈഗ്രെയ്ൻ സെറോടോണിൻ ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇതിന്റെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ ട്രാക്ടിലേക്കും വയറിലേക്കും കുടലിലേക്കുമുള്ള നീക്കമാകാം ഐബിഎസിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ അനുമാനിക്കുന്നു. സയന്റിഫിക് റിപ്പോർട്ട്‌സ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.