കോവിഡ് ഭേദമായ ഇന്ത്യക്കാരിൽ വലിയ ശതമാനം പേരും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ലക്ഷണങ്ങളും നേരിട്ടതായി പഠനം. യൂറോപ്യൻമാരെയും ചൈനക്കാരെയും അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലായിരുന്നുവെന്നും പഠനം പറഞ്ഞു.
വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട ചിലർ ഒരു വർഷത്തിനുള്ളിൽ സാധാരണ നിലയിലേക്ക് മടങ്ങിവരാം, മറ്റുള്ളവർക്ക് ജീവിതകാലം മുഴുവൻ ശ്വാസകോശ സംബന്ധമായ തകരാറുമായി ജീവിക്കേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു. ശ്വാസകോശ പ്രവർത്തനത്തിൽ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനമാണ് നടന്നത്. 207 വ്യക്തികളിലാണ് പഠനം നടത്തിയത്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ നടത്തിയ ഈ പഠനം അടുത്തിടെ പ്ലോസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
സാധാരണ രീതിയിൽ കോവിഡ് ബാധിച്ച് രണ്ട് മാസത്തിന് ശേഷം നെഗറ്റീവായ ഈ രോഗികളിൽ പൂർണ്ണ ശ്വാസകോശ പ്രവർത്തന പരിശോധന, ആറ് മിനിറ്റ് നടത്ത പരിശോധന, രക്തപരിശോധന, ജീവിത നിലവാരം എന്നിവയും പഠന വിധേയമാക്കി. രക്തത്തിലേക്ക് ഓക്‌സിജൻ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചു. 35 ശതമാനം പേരിൽ നിയന്ത്രിത ശ്വാസകോശ വൈകല്യം കണ്ടെത്തി. ഇവരിൽ ശ്വസന സമയത്ത് വികസിക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവ് കുറഞ്ഞതായി കണ്ടെത്തി. 8.3 ശതമാനം പേർക്ക് ശ്വാസകോശത്തിനകത്തും പുറത്തും വായുവിന്റെ സഞ്ചാരത്തെ ബാധിച്ചതായും പഠനത്തിൽ കണ്ടെത്തി.