കാലാവസ്ഥ മാറിയതോടെ എല്ലാവര്‍ക്കും പനിയും ജലദോഷവും. തണുപ്പുകാലം മാറി ഇനി വിയര്‍ത്തു കുളിക്കുന്ന വേനല്‍ച്ചൂടാണ്.
വേനല്‍ കാലം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് ആരോഗ്യ കാര്യങ്ങള്‍ നോക്കാം. ശൈത്യകാലം മാറി വേനല്‍ക്കാലമാകുമ്പോള്‍ മരങ്ങളും ചെടുകളുമെല്ലാം പൂക്കാന്‍ തുടങ്ങും. കാണാന്‍ ഭംഗിയാണെങ്കിലും ഇതില്‍ നിന്നും ഉണ്ടാകുന്ന പൂമ്പൊടി പലര്‍ക്കും അലര്‍ജിക്ക് കാരണമാകാം. തുമ്മല്‍, ജലദോഷം, മൂക്കടപ്പ്, കണ്ണിന് ചൊറിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ പൂമ്പൊടി കാരണം ഉണ്ടാകാറുണ്ട്. ചൂടുകാലത്ത് ശരീരം അമിതമായി വിയര്‍ക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും.
തലകറക്കം, ക്ഷീണം, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. വെള്ളം ധാരളമായി കുടിക്കുന്നതും ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നിര്‍ജലീകരണം തടയും. വെയിലത്ത് പുറത്തിറങ്ങുന്നത് സൂര്യാഘാതം, ചര്‍മ്മ പ്രശ്‌നങ്ങള്‍, ചര്‍മ്മാര്‍ബുദം എന്നിവയ്ക്ക് കാരണമാകും. വേനല്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന തരത്തില്‍ വസ്ത്രം ധരിക്കാനും, സണ്‍സ്‌ക്രീം, സണ്‍ഗ്ലാസ് എന്നിവ കരുതാനും മറക്കരുത്.
കാലാവസ്ഥയിലെ മാറ്റം ശ്വാസകോശ ആരോഗ്യത്തെ ബാധിക്കാം. ചൂടുകൂടുമ്പോള്‍ അണുബാധ വ്യാപിക്കാനുള്ള അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്നു. കൈകള്‍ സോപ്പിട്ടു കഴുകുന്നതും തുമ്മുമ്പോള്‍ മുഖം മറയ്ക്കുന്നതുമടക്കമുള്ള ശുചിത്വ മുന്‍കരുതലുകള്‍ ഈ സമയത്ത് പാലിക്കണം. ഇടയ്ക്കിടയ്ക്ക് തൊണ്ടയില്‍ ഉപ്പിട്ട ചൂടുവെള്ളം കൊള്ളുന്നതും ഇടയ്ക്ക് ആവിപിടിക്കുന്നതും ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്ക് ശമനം നല്‍കും. വിഷാദത്തിന് സമാനമായ മൂഡ് മാറ്റങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് സീസണല്‍ അഫക്ടീവ് ഡിസോഡര്‍. കാലാവസ്ഥ ചിലരുടെ മാനസികനിലയെ സ്വാധീനിക്കാം. ഉറക്കത്തിന്റെ ക്രമത്തെയും ഇത് ബാധിക്കാം. ഇത്തരം മൂഡ് മാറ്റങ്ങളെ നേരിടാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ആവശ്യമെങ്കില്‍ തേടാവുന്നതാണ്.