ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്താലും ശരീരം ഫിറ്റാക്കാം

Advertisement

പ്രായം നാൽപ്പതിൽ കയറിയാൽ പ്രമേഹവും രക്തസമ്മർദവും കൊളസ്‌ട്രോളുമൊന്നുമില്ലാത്ത ആളുകൾ ചുരുക്കമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് ഇത്തരം ജീവിത ശൈലി രോഗങ്ങൾക്ക് പിന്നിൽ.

വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം അറിയാമെങ്കിലും പലരും ഒഴിവാക്കാൻ എളുപ്പമായതിനാൽ വ്യായാമം ചെയ്യാറില്ല. ജോലിത്തിരക്കും മടിയുമാണ് പലപ്പോഴും വ്യായാമം ഒഴിവാക്കാൻ കാരണം. ഇപ്പോഴിതാ വ്യായാമം എന്നും ചെയ്തില്ലെങ്കിലും ശരീരം ഫിറ്റാക്കാമെന്ന് പുതിയ പഠനം പറയുന്നു. ഒബിസിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ചൈനീസ് ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. എന്നും വ്യായാമം ചെയ്യുന്നതിന്റെ അതെ ഫലം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം വ്യായാമം ചെയ്താൽ കിട്ടുമെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. അമിതവണ്ണം കുറയ്ക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്താൽ മതി. ശാരീരിക വ്യായാമവും ശീരത്തിലെ കൊഴുപ്പും തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് പഠനം നടത്തിയത്. 20നും 50നും ഇടയിൽ പ്രായമായ 9,600 ആളുകളുടെ 2011 മുതൽ 2018 വരെയുള്ള ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. പഠനത്തിൽ 772 പേർ ആഴ്ചയിൽ മാത്രം വ്യായാമം ചെയ്യുന്നവരും 3,277 പേർ ദിവസവും വ്യായാമം ചെയ്യുന്നവരും 5,580 പേർ തീരെ വ്യായാമം ചെയ്യാത്തവരുമായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നവരെ പോലെ തന്നെ ആഴ്ചയിൽ വ്യായാമം ചെയ്യുന്നവരിലും വണ്ണം കുറയുന്നു എന്ന് കണ്ടെത്തി.

ഓഫീസ് ജോലി, ഡ്രൈവർമാർ തുടങ്ങിയ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുകയെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു. ഓട്ടം, കയറ്റം കയറുക, ഹൈക്കിങ്, സൈക്കിങ് തുടങ്ങിയ വ്യായാമങ്ങളാണ് ഇവർക്കായി ഗവേഷകർ നിർദേശിക്കുന്നത്. ഇത്തരം വ്യായാമങ്ങൾ ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് നീക്കം ചെയ്യാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.