ക്യാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ കഴിയുന്നതിനുള്ള ഗുളികകള്‍ വികസിപ്പിച്ച് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരും ഗവേഷകരും. എഫ്എസ്എസ്എഐ അംഗീകരിച്ച ഈ ഗുളികകള്‍ 100 രൂപയ്ക്ക് ലഭിക്കും.
ഒരു ദശാബ്ദക്കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ്ലെറ്റ് ക്യാന്‍സറിന്റെ ആവര്‍ത്തനത്തേയും ഒപ്പം റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളുടെ 50 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന ഭാഗം മനുഷ്യരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഗവേഷണത്തിനായി എലികളിലേയ്ക്ക് മനുഷ്യ ക്യാന്‍സര്‍ കോശങ്ങള്‍ കടത്തിവിടുകയും അതുവഴി അവയില്‍ ട്യൂമര്‍ രൂപപ്പെടുകയും ചെയ്തു. പിന്നീട് റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ എലികള്‍ക്ക് ചികിത്സനല്‍കി. ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കുമ്പോള്‍ അവ ക്രോമാറ്റിന്‍ കണികകള്‍ എന്ന് വിളിക്കപ്പെടുന്ന ചെറിയ കഷണങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി. ഈ കണങ്ങള്‍ക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ അവയെ ക്യാന്‍സറായി മാറ്റാനും കഴിയും,’ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കാന്‍സര്‍ സര്‍ജനും റിസര്‍ച്ച് ഗ്രൂപ്പിന്റെ ഭാഗവുമായ ഡോ രാജേന്ദ്ര ബദ്വെ പറഞ്ഞു. ഈ പ്രശ്‌നത്തിന് മറുപടിയായി, ഗവേഷകര്‍ എലികള്‍ക്ക് റെസ്വെരാട്രോളും കോപ്പറും അടങ്ങിയ പ്രോ-ഓക്‌സിഡന്റ് ഗുളികകള്‍ നല്‍കി. ഈ ഗുളികകള്‍ ഓക്സിജന്‍ റാഡിക്കലുകളെ ഉത്പാദിപ്പിക്കുകയും ക്രോമാറ്റിന്‍ കണങ്ങളെ ഫലപ്രദമായി നശിപ്പിക്കുകയും ചെയ്യുന്നു. പാന്‍ക്രിയാസ്, ശ്വാസകോശം, എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കെതിരെ ഗുളികകൾ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ജൂണ്‍-ജൂലൈ മാസത്തോടെ ഗുളികകൾ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.