ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ പെട്ടെന്ന് ഞെട്ടുന്നു…എന്താണ് ഇതിന്റെ കാരണം…

Advertisement

ഉറക്കത്തില്‍ ഞെട്ടുക എന്നത് നമ്മളില്‍ പലര്‍ക്കും ഉണ്ടാകാവുന്ന ഒരു അനുഭവമാണ്. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ പെട്ടെന്ന് ഞെട്ടുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ചോ അമിതമായി ക്ഷീണിച്ചോ ഉറങ്ങാന്‍ കിടക്കുകയോ, അല്ലെങ്കില്‍ ക്രമം തെറ്റിയ ഉറക്കശീലം ഉള്ളവരിലോ ആണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നത്. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഇത്തരം പ്രതിഭാസത്തെ ഹൈപ്നിക് മൈക്ലോണിയ എന്നാണ് വിശേഷിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ഉറങ്ങുന്ന ക്രമം തെറ്റുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
സാധാരണഗതിയില്‍ നമ്മുടെ ഉറക്കം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ലഘുനിദ്ര, ഗാഢനിദ്ര, ദ്രുതനേത്ര ചലനം എന്നീ ഘട്ടങ്ങളിലൂടെയാണ് ഒരാളുടെ ഉറക്കം കടന്നു പോകുന്നത്. ഈ പ്രക്രിയക്ക് ഭംഗം വരുമ്പോഴാണ് ഉറക്കത്തില്‍ ഞെട്ടുന്നത്. സാധാരണ ഗതിയില്‍ ലഘുനിദ്ര പതിയെ ഗാഢനിദ്രയിലേക്ക് മാറുന്നു. ഒരു മണിക്കൂര്‍ കഴിയുന്നതോടെ ദ്രുതനേത്രചലനം എന്ന അവസ്ഥയിലെത്തും. ഈ സാധാരണ പ്രക്രിയയ്ക്ക് നിദാനമാകുന്നതാകട്ടെ നമ്മുടെ മസിലുകള്‍ പതുക്കെ അയയുന്നതും മസിലുകള്‍ തളരുന്നതുമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ആദ്യ രണ്ട് പ്രക്രിയകളും ഇല്ലാതെ അവസാന സ്റ്റേജായ ദ്രുതനേത്ര ചലനത്തിലേക്ക് അതിവേഗത്തിലേക്ക് നമ്മള്‍ എത്തുന്നതിന് ഇടയാക്കുന്നു.
വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ച് കിടക്കുമ്പോഴോ ക്ഷീണിച്ച് വന്നു കിടക്കുമ്പോഴോ നമ്മള്‍ വളരെ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴുന്നു. എന്നാല്‍, ഉറക്കത്തോട് നമ്മുടെ ശരീരം തയ്യാറായിരിക്കില്ല. അതിനാല്‍ തന്നെ മസിലുകള്‍ അയയുകയോ റിലാക്സ് ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. ഉറക്കത്തിലേക്ക് വീഴുന്ന നമ്മള്‍ പല സ്വപ്നങ്ങളും കാണുന്നുണ്ട്. ഈ സ്വപ്നങ്ങളോട് ശരീരം തയ്യാറല്ലാത്തതു കൊണ്ടാണ് ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Advertisement