രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആ ദിവസം തീരുമാനിക്കുകയെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അത്രമാത്രം പ്രധാന്യമുണ്ട് പ്രഭാത ഭക്ഷണത്തിന്.
ഒരു ദിവസത്തെ മുഴുവൻ ഊർജവും പ്രദാനം ചെയ്യാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. പ്രഭാത ഭക്ഷണത്തിന്റെ ഈ പ്രധാന്യമറിയാതെ എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ദിവസം തുടങ്ങുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ എന്ന് നോക്കാം. രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു കപ്പ് കാപ്പി മിക്കവരുടെയും ശീലമാണ്. എന്നാൽ കാപ്പി വെറും വയറ്റിൽ കുടിക്കുന്നത് വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും അത് കാരണമാകും. വേവിക്കാത്ത പച്ചക്കറികൾക്ക് പോഷകമൂല്യം കൂടുതലാണെന്ന് കരുതി വെറും വയറ്റിൽ ക്യാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ കഴിച്ചാൽ അത് വിപരീത ഫലമാകും ഉണ്ടാക്കുക. വെറും വയറ്റിൽ ഇവ ദഹിക്കാൻ പ്രയാസമായിരിക്കും. വയറു കമ്പനത്തിലേക്കും ഇത് നയിക്കും.
രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ മധുരം കൂടുതൽ അടങ്ങിയ പേസ്ട്രി, കേക്ക് തുടങ്ങിയ പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാൻ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും. ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രിസ് പഴങ്ങൾ. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു. വെറും വയറ്റിൽ എരിവും മസാലയും കൂടിയ ഭക്ഷണങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വയറിൽ അസ്വസ്ഥതകളുണ്ടാക്കും. സോഡ, കാർബോണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വയറ്റിൽ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്. കൂടാതെ ഇവയിൽ അടങ്ങിയ ഉയർന്ന് അളവിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.