ഫാറ്റി ലിവർ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. കരളിനെ ബാധിക്കുന്ന രോഗമാണിത്.
കരളിൽ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞ് കിടക്കുന്ന അവസ്ഥയാണ് ഫാ റ്റി ലിവർ. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളുമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ. ഫാറ്റി ലിവർ തടയുന്നതിൽ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം തടയാൻ സഹായിക്കും. സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാൻ മികച്ചതാണ്. കരൾ രോഗമുള്ളവർ ദിവസവും ഒരു നേരം ഓട്‌സ് കഴിക്കുന്നത് പതിവാക്കുക. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
നട്സ് അടങ്ങിയ ഭക്ഷണക്രമം വീക്കം, ഇൻസുലിൻ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ്, കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വാൾനട്ട് കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതായി ഗവേഷകർ പറയുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര സൂപ്പായോ വേവിച്ചോ എല്ലാം കഴിക്കാവുന്നതാണ്.