ലോകത്ത് നാഡീ പ്രശ്നങ്ങളാൽ വലയുന്നത് മുന്നൂറ് കോടിയിലേറെ ജനതയെന്ന് റിപ്പോർട്ട്

Advertisement

ആഗോളതലത്തിൽ മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നുവെന്ന കണ്ടെത്തലുമായി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച പഠനവും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു.

ലാൻസെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകൾ പ്രകാരം മൂന്നിലൊരാൾ എന്ന നിലയ്ക്ക് നാഡീരോഗങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ചികിത്സ ലഭ്യമാകുന്നതിനുള്ള അന്തരം പ്രധാനപ്രശ്‌നമായി നിലകൊള്ളുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

1990 മുതലുള്ള കണക്കെടുത്താൽ നാഡീസംബന്ധമായ തകരാറുകൾ മൂലമുള്ള രോഗങ്ങൾ, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വർധിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്. പക്ഷാഘാതം, നിയോനേറ്റൽ എൻസെഫലോപ്പതി, മൈഗ്രെയിൻ, ഡിമെൻഷ്യ, ഡയബറ്റിക് ന്യൂറോപ്പതി, മെനിഞ്ചൈറ്റിസ്, എപിലെപ്‌സി, ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ, നെർവസ് സിസ്റ്റം കാൻസേഴ്‌സ് തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടനയുടെ 2021-ലെ കണക്കുകൾ പ്രകാരം ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമായിട്ടുള്ള നാഡീസംബന്ധമായ തകരാറുകൾ.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് നാഡീസംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, മൈഗ്രെയിൻ, ഡിമെൻഷ്യ തുടങ്ങിയവ കൂടുതലുള്ളത് സ്ത്രീകളിലുമാണ്. പ്രമേഹം മൂലം നാഡികൾ തകരാറിലാകുന്ന ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്.

Advertisement