പൊള്ളുന്ന ചൂട്, ഇവ ശ്രദ്ധിക്കുക

Advertisement

ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും ഒപ്പം പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതിൽ പ്രധാനം.

ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയിൽ അധിക നേരം കൊണ്ടാൽ സൂര്യാഘതമേൽക്കാം. ചർമത്തിൽ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയർന്ന തോതിൽ സൂര്യാഘാതമേൽക്കുന്നത് ആരോ?ഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. ശരീരം മുഴുവനും മറയുന്ന തരത്തിൽ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ഈ സമയം തെരഞ്ഞെടുത്താൻ ശ്രദ്ധിക്കണം. കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്.

പകൽ 10 മുതൽ മൂന്ന് മണി വരെയുള്ള വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട, തൊപ്പി, സ്‌കാർഫ്, സൺസ്‌ക്രീം എന്നിവ കരുതണം. വെയിലത്ത് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപ് സൂര്യപ്രകാശം തട്ടാൻ സാധ്യതയുള്ള എല്ലാ ശരീരഭാഗത്തും സൺസ്‌ക്രീം പുരട്ടണം. കടുത്ത സൺബേൺ ഉണ്ടാകുന്നതിൽ നിന്നും സൺസ്‌ക്രീമിന്റെ ഉപയോഗം ഒരുപരിധി വരെ ഗുണം ചെയ്യും.

മറ്റൊന്ന് വിയർപ്പ് ആണ്. വിയർപ്പ് കാരണം ശരീരത്തിൽ ചൂടുകുരുവും ഫംഗൽ ഇൻഫെക്ഷനും ഉണ്ടാവാൻ സാധ്യതയുണ്ട്. ചുവന്ന നിറത്തിൽ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കൾ കാരണം വലിയ രീതിയിൽ ചൊറിച്ചിലും നീറ്റലും അസ്വസ്ഥതകളും ഉണ്ടാകാം. കൂടാതെ ചൂടുകുരു കാരണം ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് ഒരു പരിധിവരെ ചൂടുകുരുവിനെ അകറ്റി നിർത്താൻ സഹായിക്കും.

ശരീരത്തിന്റെ മടക്കുകളിൽ കൂടുതൽ നേരം വിയർപ്പ് തങ്ങിയിരിക്കുമ്പോൾ അത് ഫംഗൽ ഇൻഫെക്ഷന് കാരണമാകും. കക്ഷം, കാലിന്റെ തുടയിലെ ഇടുക്ക്, സ്ത്രീകളുടെ മാറിനു താഴെ, വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളിൽ, കാലിൽ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്.