അറിയാം ഉപ്പെന്ന വില്ലനെ

Advertisement

ലോകത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പുകവലി, വ്യായാമക്കുറവ് എന്നിവയ്ക്ക് പുറമെ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും ഹൃദ്രോഗങ്ങളെ വിളിച്ചു വരുത്താം.

ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് മുൻപ് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം പ്രായപൂർത്തിയാകാത്ത ഒരാൾ ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവു അഞ്ച് ഗ്രാമിൽ കുറവായിരിക്കണം. ഭക്ഷണത്തിൽ ഉപ്പിന്റെ അളവുകൂടുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വാസ്‌കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യും.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം. ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത് ഉപ്പിന്റെ കുറവുകൊണ്ടുള്ള രുചിയില്ലായ്മ ഇല്ലാതാക്കാൻ സഹായിക്കും.

ഡയറ്റിൽ സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട തുടങ്ങിയവ നല്ലതാണ്. പാക്കറ്റ് ഭക്ഷണങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവു കൂടുതലായിരിക്കും. അതിനാൽ അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പൊട്ടാസ്യം അടങ്ങിയ ഡയറ്റ് ശീലമാക്കുന്നതും നല്ലതാണ്. സോഡിയം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും പൊട്ടാസ്യത്തിന് കഴിയും. വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചീര, തണ്ണിമത്തൻ തുടങ്ങിയവയിൽ പൊട്ടാസ്യം ധാരാളമുണ്ട്.

Advertisement