ഇന്ത്യയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്

Advertisement

ഇന്ത്യയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ നാലാമത്തെ എഡിഷന്റെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മറ്റ് സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയര്‍ന്നു. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൂന്നിലൊരാള്‍ പ്രീഡയബറ്റിക്കും മൂന്നില്‍ രണ്ടുപേര്‍ പ്രീ ഹൈപ്പര്‍ടെന്‍സീവും പത്തിലൊരാള്‍ വിഷാദരോഗികളും ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളില്‍ സ്തനാര്‍ബുദം, സെര്‍വിക്‌സ് കാന്‍സര്‍, ഒവേറിയന്‍ കാന്‍സർ, പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദം, വായിലെ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുമാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്. കൂടാതെ മറ്റുരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവരുടെ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കാന്‍സര്‍ സ്‌ക്രീനിങ് നിരക്കും വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ, അമിതവണ്ണക്കാരുടെ നിരക്ക് 2016-ല്‍ ഒമ്പതുശതമാനത്തില്‍ നിന്നും 2023 ആയപ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. ഹൈപ്പര്‍ടെന്‍ഷന്‍ കേസുകള്‍ ഇതേ കാലയളവില്‍ തന്നെ ഒമ്പതില്‍ നിന്ന് പതിമൂന്നായി ഉയര്‍ന്നു. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗം. അതിനായി രാജ്യമെമ്പാടും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ 2050 ആകുമ്പോഴേക്കും 77 ശതമാനം കാന്‍സര്‍ കേസുകളില്‍ എത്തിച്ചേരുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളില്‍ കാന്‍സറിന് പ്രാമുഖ്യം നല്‍കുന്നത് രോഗപ്രതിരോധത്തിന് ഗുണം ചെയ്യുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. കൂടാതെ ആരോഗ്യകരമായ ഒരു ജീവിതശൈലിയും പിന്തുടരേണ്ടത് നിര്‍ബന്ധമാണ്.