അമിത വണ്ണക്കാരായ കുട്ടികളിലും രക്തസമ്മർദ്ദത്തിന് സാധ്യത

Advertisement

ഹൃദയസ്തംഭനം, ഹൃദ്രോഗം എന്നിവയിലേക്കെല്ലാം വാതിൽ തുറക്കുന്ന ഒരു ശാരീരികാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. പലപ്പോഴും മുതിർന്നവരുമായി ബന്ധപ്പെട്ടാണ് നാം ഉയർന്ന രക്തസമ്മർദ്ദം ചർച്ച ചെയ്യാറുള്ളത്. എന്നാൽ മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും രക്തസമ്മർദ്ദം വരാനുള്ള സാധ്യതകളുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.

പ്രായമായവരെ പോലെ തന്നെ അമിതവണ്ണക്കാരായ കുട്ടികൾക്കും കൗമാരക്കാർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടാകാമെന്ന് സ്വീഡനിൽ നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നു. 1948നും 1968നും ഇടയിൽ ജനിച്ച 1683 പേരുടെ ഡേറ്റ പഠനത്തിനായി ഗവേഷകർ വിലയിരുത്തി. ഇവരുടെ കൗമാരകാലം മുതലുള്ള ബോഡി മാസ് ഇൻഡെക്‌സും (ബിഎംഐ) മധ്യവയസ്സുകളിലെ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും നിരീക്ഷിച്ചത്. ഇതിൽ നിന്ന് കുട്ടിക്കാലത്തെ ശരാശരി ബിഎംഐയിൽ ഉണ്ടാകുന്ന ഒരു യൂണിറ്റ് വർധന പുരുഷന്മാരുടെ മധ്യവയസ്സിലെ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ 1.30 എംഎംഎച്ച്ജിയുടെയും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ 0.75 എംഎംഎച്ച്ജിയുടെയും വർധനയുണ്ടാക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

അതേ പോലെ യൗവനാരംഭത്തിലെ ശരാശരി ബിഎംഐയിൽ ഉണ്ടാകുന്ന ഒരു യൂണിറ്റ് വർധന പുരുഷന്മാരുടെ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ 1.03 എംഎംഎച്ച്ജി വർധനയും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ 0.53 എംഎംഎച്ച്ജി വർധനയും ഉണ്ടാക്കുന്നതായും ഗവേഷണ റിപ്പോർട്ട് പറയുന്നു.

സ്ത്രീകളിൽ ഇത് യഥാക്രമം 0.96 എംഎംഎച്ച്ജിയുടെയും 0.77 എംഎംഎച്ച്ജിയുടെയും വർധനയാണ് ഉണ്ടാക്കുന്നത്. അതേ സമയം കുട്ടിക്കാലത്തെ ബിഎംഐ വർധന സ്ത്രീകളുടെ മധ്യവയസ്സുകളിലെ രക്തസമ്മർദ്ദ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യം പഠനം അടിവരയിടുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയവർപറയുന്നു. മെയ് മാസത്തിൽ ഇറ്റലിയിലെ വെനീസിൽ നടക്കുന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബ്‌സിറ്റി സമ്മേളനത്തിൽ പഠനത്തിലെ കണ്ടെത്തലുകൾ അവതരിപ്പിക്കും.