ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുൻപ് തന്നെ പ്രവചിക്കാൻ കഴിയുന്ന എഐ മോഡൽ വികസിപ്പിച്ചെടുത്ത് ലക്സംബർഗ് സർവകലാശാലയിലെ ഗവേഷകർ. വാൺ (വാണിങ് ഓഫ് ഏട്രിയൽ ഫൈബ്രിലേഷൻ) എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.
സാധാരണ കാർഡിയാക് റിഥത്തിൽ നിന്ന് ഏട്രിയൽ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകർ അറിയിച്ചു. മോഡൽ വികസിപ്പിക്കുന്നതിനായി ചൈനയിലെ വുഹാനിലെ ടോങ്ജി ഹോസ്പിറ്റലിലെ 350 രോഗികളിൽ നിന്ന് ശേഖരിച്ച 24 മണിക്കൂർ ദൈർഘ്യമുള്ള റെക്കോർഡുകൾ ടീം പരീക്ഷിച്ചതായും ജേർണൽ പാറ്റേൺസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ മുന്നറിയിപ്പ് നൽകുന്നത്. ഏട്രിയൽ ഫൈബ്രിലേഷൻ അനുഭവപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകുന്ന ആദ്യത്തെ രീതിയാണിതെന്നും ഗവേഷകർ അവകാശപ്പെടുന്നു. പല ലയറുകളിലൂടെ കടന്നു പോയതിന് ശേഷമാണ് എഐ മുന്നറിയപ്പ് നൽകുന്നത്. ആഴമേറിയ പഠനത്തിന് ഹൃദയമിടിപ്പ് ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത ഘട്ടങ്ങൾ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് രോഗികൾക്ക് അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തുക.
കുറഞ്ഞ ചെലവിൽ വികസിപ്പിക്കാവുന്നതിനാൽ വാൺ നമ്മുക്ക് സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് എന്നിവയുമായി സംയോജിപ്പിക്കാവുന്നതാണ്. ഇവ രോഗികൾ ദിവസേന ഉപയോഗിക്കുന്നതിനാൽ ഫലങ്ങൾ തത്സമയം നിരീക്ഷിക്കാനും മുന്നറിയിപ്പു നൽകാനും സാധിക്കും.