ശരീര സംരക്ഷണത്തിൽ പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒന്നാണ് കാൽ നഖങ്ങൾ. ശരിയായ രീതിയിൽ അവ സംരക്ഷിച്ചില്ലെങ്കിൽ കുഴിനഖങ്ങൾ പ്രത്യക്ഷപ്പെടാം. നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണിത്.
നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴിനഖം വരാൻ കാരണം. അതിനാൽ കാൽ നഖങ്ങൾ പ്രത്യേകം വൃത്തിയായി കഴുകി സംരക്ഷിക്കേണ്ടതുണ്ട്.
അതിനായി വീട്ടിൽ തന്നെ മാസത്തിൽ രണ്ട് തവണയെങ്കിലും പെഡിക്യൂർ ചെയ്യാവുന്നതാണ്. അണുബാധയും പഴുപ്പും പൂപ്പലും ചിലരിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തീർച്ചയായും വൈദ്യ സഹായം തേടണം. ചെറിയ സർജറിയിലൂടെ കേടുവന്ന നഖം നീക്കം ചെയ്യാൻ സാധിക്കും. നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുള്ള മിശ്രിതം കുഴിനഖം മാറാൻ ഒരു പരിധിവരെ സഹായിക്കും.
ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും. മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും. നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.