ഉപ്പിനെ പടിക്ക് പുറത്താക്കല്ലേ, കാത്തിരിക്കുന്നത് ഇവ

Advertisement

നമ്മുടെ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉപ്പ്. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. എന്നുകരുതി ഉപ്പ് പൂർണ്ണമായും നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശരീരത്തിലെ പ്ലാസ്മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപൾസുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവർത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയത്തിന്റെ തോത് താഴുന്നത് വൃക്കകളിൽ ഉപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. സോഡിയം തോത് കുറയുന്നത് ഹൈപോനാട്രീമിയയിലേക്കും നയിക്കാം. 135 മില്ലി ഇക്വിവലന്റ്‌സ് പെർ ലീറ്ററിലും താഴെ സോഡിയത്തിന്റെ അംശം വരുമ്പോഴാണ് ഹൈപോനാട്രീമിയ ഉണ്ടാകുന്നത്. പേശിവേദന, ദുർബലത, ഓക്കാനം, ഛർദ്ദി, ഊർജ്ജമില്ലായ്മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം.

ഒരു വ്യക്തി കോമയിലേക്ക് നീങ്ങുന്ന അതിഗുരുതര സാഹചര്യവും സോഡിയത്തിന്റെ കുറവ് മൂലം സംഭവിക്കാം. സോഡിയത്തിന്റെ തോത് 120 മില്ലി ഇക്വിവലന്റ് പെർ ലീറ്ററിലും താഴെ വരുമ്പോഴാണ് ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുന്നത്. ഇക്കാരണങ്ങളാൽ നിത്യവുമുള്ള ഭക്ഷണത്തിൽ നിയന്ത്രിതമായ തോതിൽ ഉപ്പ് ഉപയോഗിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മുതിർന്നവർക്ക് പ്രതിദിനം 2000 മില്ലിഗ്രാം ഉപ്പാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

Advertisement