ചർമ്മസംരക്ഷണത്തിനും മുടി വളരാനും വിറ്റാമിൻ ഇ ​ഗുളികകൾ കഴിക്കുന്നവർ അറിയാൻ…..

Advertisement

ചർമ്മസംരക്ഷണത്തിനും മുടി വളരാനുമായി വിറ്റാമിൻ ഇ ഗുളികകളുടെ ഉപയോഗം ഇപ്പോൾ വ്യാപകമായി വർധിക്കുന്നു. ഇത്തരം വിറ്റാമിൻ ഇ ഗുളികകൾ പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് പ്രചാരം.

എന്നാൽ ആരോഗ്യവിദഗ്ധരുടെ നിർദേശമില്ലാതെ ചെയ്യുന്ന സ്വയം ചികിത്സ അപകടം വിളിച്ചു വരുത്തിയേക്കാം. കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വിറ്റാമിൻ ഇ-യിൽ ഉണ്ട്. ആൽഫ-ടോക്കോഫെറോൾ എന്നും വിറ്റാമിൻ ഇ-യെ അറിയപ്പെടുന്നു. ഇത് ചർമ്മത്തിലെ ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കപ്പുറം, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ഇ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ഇ തിളക്കവും യുവത്വവുമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ യുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയുകയും കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിൻ ഇ ഗുളിക വാങ്ങാൻ പോകരുത്. കാരണം ഇത്തരം സപ്ലിമെന്റുകളിൽ ഉള്ളത് ഓൾ-റാക്-ആൽഫ-ടോക്കോഫെറോൾ ആണ്. ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവുണ്ടെങ്കിൽ മാത്രം ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കാം. വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം , ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവ സംഭവിക്കാം.

പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം. വിറ്റാമിൻ ഇ ഗുളിക പുറമെ ചർമ്മത്തിൽ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കിൽ ചർമ്മത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയിൽ പ്രകൃതി ദത്തമായി വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.