ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ് പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും. ഇത് വീക്കം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
2019ൽ ‘ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം’ പ്രസിദ്ധീകരിച്ച പഠനത്തിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്റിഓക്‌സിഡന്റുകളാണ്. ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമ്മത്തിന്റെ ഫോട്ടോഡേമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അർബുദ സാധ്യത കുറയ്ക്കും. മുന്തിരി കഴിക്കുന്നത് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
ബർമിംഗ്ഹാമിലെ ഡെർമറ്റോളജി വിഭാഗത്തിലെ അലബാമ സർവകലാശാലയിലെ ഗവേഷകർ 2021-ൽ നടത്തിയ ഒരു പഠനത്തിലും മുന്തിരിയുടെ ചർമ്മസംരക്ഷണ ഗുണങ്ങളുടെ കുറിച്ച് പറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. പാഷൻ ഫ്രൂട്ടിൽ പ്രത്യേക പോളിഫെനോൾ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പർപ്പിൾ കാബേജിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാബേജ് ഇലകൾ ചർമ്മത്തിൽ പുരട്ടുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് വഴുതന. വഴുതനങ്ങയിൽ കാണപ്പെടുന്ന ഒരു തരം സംയുക്തമായ സോളാസോഡിൻ റാംനോസിൽ ഗ്ലൈക്കോസൈഡുകൾ ചർമ്മ സംരക്ഷണത്തിന് ഗുണകരമാണ്.