മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാട്ടിലേക്ക് വിട്ടോളൂ

Advertisement

പക്ഷികളെ നിരീക്ഷിക്കുന്നതും കാടുകളിൽ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. 112 കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ജേണൽ ഓഫ് എൻവയോൺമെന്റൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ചു.

നോർത്ത് കരോളിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോറസ്ട്രി ആൻഡ് എൻവയോൺമെന്റ് റിസോഴ്‌സസ് പ്രഫസർ നീൽസ് പീറ്റേർസണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോളജ് വിദ്യാർഥികളിൽ 60 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നതായി നാഷണൽ ഹെൽത്തി മൈൻഡ്‌സ് പഠനം അടുത്തിടെ കണ്ടെത്തിയിരുന്നു. ഉത്കണ്ഠ, പഠനഭാരം, വിഷാദരോഗം, സമ്മർദ്ദം എന്നിവ കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാർഥികളിൽ വല്ലാതെ ഉയർന്നിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു. ഇവയ്ക്കുള്ള പരിഹാരമായി പ്രകൃതിയിൽ അധിഷ്ഠിതമായ പക്ഷി നിരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് വയ്ക്കുന്നതാണ് പുതിയ പഠനം.

ക്ഷമയും ശ്രദ്ധയുമൊക്കെ ആവശ്യമുള്ള ജോലിയാണ് പക്ഷിനിരീക്ഷണം. തിരക്കുള്ള മറ്റ് പ്രവർത്തികൾ മാറ്റിവച്ച് ശ്രദ്ധയാവശ്യമുള്ള ഈ പ്രവൃത്തിയിലേക്ക് മനസ്സൂന്നി കുറച്ച് സമയം ചെലവിടുന്നത് മാനസികക്ഷേമത്തിന് നല്ലതാണ്. കേൾക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനും വിശദാംശങ്ങളിൽ ശ്രദ്ധിക്കാനുമെല്ലാമുള്ള മനുഷ്യരുടെ കഴിവുകൾ വളർത്താനും പക്ഷിനിരീക്ഷണം സഹായിക്കും. സമ്മർദ്ദം കുറയ്ക്കാനും സംതൃപ്തി നൽകാനും ഈ ശീലം നല്ലതാണെന്നും ഗവേഷകർ പറയുന്നു. പക്ഷിനിരീക്ഷണത്തിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യയിലടക്കമുള്ള പല കോളജുകളും ഇതിനായി പ്രത്യേക ക്ലബുകൾ തന്നെ രൂപീകരിച്ചിട്ടുണ്ട്.

Advertisement