ഷു​ഗർ ഫ്രീ കണ്ട് അഭിരമിക്കല്ലേ, ഇവ കൊണ്ടുപോകുന്നത് അപകടത്തിലേക്ക്

Advertisement

ഷുഗര്‍-ഫ്രീ എന്ന ലേബലില്‍ പാക്ക് ചെയ്തു വരുന്ന ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിബന്ധനകള്‍ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ലേബല്‍ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഷുഗര്‍-ഫ്രീ, നോ-കൊളസ്റ്റോള്‍ ടാഗുകളോടെ നിരവധി പാക്കറ്റ് ഭക്ഷണങ്ങളാണ് ദിവസം തോറും വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇവയില്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലില്‍ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വെറും 10 ശതമാനം പഴച്ചാര്‍ മാത്രമാണ് യഥാര്‍ഥ ഫ്രഷ് ജ്യൂസ് എന്ന് പറഞ്ഞ് വിപണിയില്‍ ഇറക്കുന്ന പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ നോ-കൊളസ്‌ട്രോള്‍ അഥവ ഹൃദയാരോഗ്യത്തിന് മികച്ചതെന്ന് പറയുന്ന ലേബലുകളില്‍ പുറത്തിറങ്ങുന്ന ഭക്ഷണങ്ങളില്‍ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവമെന്നും മാര്‍ഗനിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭക്ഷണത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, ചേരുവകളുടെ പട്ടിക, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരിച്ചു.

Advertisement