രാവിലെ ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ഈ പ്രശ്നങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുതേ

Advertisement

ഉറക്കം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ്. ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ തളർത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തെ മാത്രമല്ല മാനസികമായും പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നിങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടാക്കുന്നുണ്ട്.

അതേസമയം എത്ര ഉറങ്ങിയാലും രാവിലെ ഉറക്കമുണരുമ്പോൾ തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ പരുവത്തിലാകുന്നത് ചിലരെ നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇവയെ ‘ഉറക്കച്ചടവ്’ എന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. ഈ അവസ്ഥയ്ക്ക് പിന്നിൽ ചില ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഏതെങ്കിലും വിധത്തിലുള്ള വൈറൽ അണുബാധകൾ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മൽ, ഛർദ്ദി, രാത്രി വിയർക്കൽ, വിശപ്പില്ലായ്മ എന്നിവയെല്ലാം വൈറൽ അണുബാധകളുടെ ലക്ഷണമാണ്.

വായു മലിനീകരണമാണ് ഇതിൽ രണ്ടാമതൊരു കാരണമായി വരുന്നത്. വായു മലിനീകരണം തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയടപ്പ് വരാൻ കാരണമാവുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് അന്തരീക്ഷം അസാധാരണമായ രീതിയിൽ വരണ്ടുപോകാറുണ്ട്. ഈ അന്തരീക്ഷവും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അലർജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിലും രാവിലെ ഉറക്കമുണരുമ്പോൾ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം.

ചിലർ ഉറങ്ങുമ്പോൾ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും സ്ലീപ് അപ്നിയ എന്ന പ്രശ്‌നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവർക്ക് രാത്രിയിൽ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്‌നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.