മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ആരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് പഠനങ്ങൾ

Advertisement

മാനസിക സമ്മർദ്ദം പതിവാകുന്നത് ശരീരത്തിൽ ധാതുക്കളുടെ പോരായ്മയിലേക്ക് നയിക്കാം. ഇത് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെയും എച്ച്പിഎ (ഹൈപ്പോഥലാമിക്-പിറ്റിയൂട്ടറി-അഡ്രീനൽ) ഏകോപനം തടസ്സപെടുത്തുകയും അതു വഴി സമ്മർദ്ദത്തെ നേരിടാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മർദ്ദത്തെ മറികടക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാതുക്കൾ ഏതൊക്കെയാണെന്ന് നോക്കാം. എച്ച്പിഎ പ്രവർത്തനത്തിൽ മഗ്നീഷ്യത്തിന് കോർട്ടിസോൾ നിയന്ത്രണത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, ഇലക്കറികൾ, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ മഗ്നീഷ്യം നിലനിർത്താൻ സഹായിക്കും.
ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, പയർ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കുന്നു. ശരീരത്തിൽ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.