ബ്രെയിൻ ഈറ്റിം​ഗ് അമീബ അഥവാ തലച്ചോറിനെ കാർന്നുതിന്നുന്ന അമീബ കേരളത്തിലും,എന്താണ് പരിഹാരം

Advertisement

ബ്രെയിൻ ഈറ്റിം​ഗ് അമീബ അഥവാ തലച്ചോറിനെ കാർന്നുതിന്നുന്ന അമീബ ലോകത്ത് എവിടെയോ ഉണ്ട് എന്ന് കേട്ട് ഭയപ്പെട്ടിരുന്ന നമുക്ക് ഇപ്പോള്‍ ഇത് കേരളത്തിലും എന്ന വാര്‍ത്തകേട്ട് ഞെട്ടാം. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട്ട് പതിമൂന്നുകാരി മരിച്ചത്. നെ​ഗ്ലേറിയ ഫൗളേറി എന്ന ഈ അമീബയെക്കുറിച്ച് അറിയാം.

നമ്മുടെ കേരളത്തിൽ തന്നെ നെഗ്ലേറിയ ഫൗളേറി എന്ന അമീബ ഉണ്ടാക്കുന്ന ദുരന്തം ആദ്യത്തേതല്ല. മനുഷ്യരുടെയും കന്നുകാലികളെ പോലെയുള്ള ഉഷ്ണ രക്ത ജീവികളുടെയും വിസർജ്യങ്ങൾ ഒഴുകിയെത്തുന്ന വെള്ളക്കെട്ടുകളിൽ കാണപ്പെടുന്ന ഇ-കോളി (E-Coli ) ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളെ തിന്നു ജീവിക്കുന്ന അമീബയാണ് ഫൗളേറി. അതായത് മലിനജലത്തിൽ ഫൗളേറി കാണപ്പെടാനുള്ള സാധ്യത ഉണ്ടെന്നു സാരം. ഈ വെള്ളത്തിൽ മുങ്ങി കുളിക്കുന്ന ഒരാളുടെ മൂക്കിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഫൗളേറി മൂക്കിനുള്ളിലെ നേർത്ത സ്തരത്തിലൂടെ തലച്ചോറിലേക്ക് പ്രവേശിച്ച് തലച്ചോറിനെ കാർന്നുതിന്നാൻ തുടങ്ങുന്നു. ഇതിനെ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാനോ ഫലപ്രദമായ ചികിത്സ നേടാനോ ഇന്ന് സംവിധാനങ്ങൾ ഇല്ല . ആയതിനാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ആളിന്റെ അന്ത്യം സംഭവിച്ചേക്കാം.

മേൽപ്പറഞ്ഞ വിധത്തിലല്ലാതെ ശരീരത്തിലെ മുറിവുകളിലൂടെയോ മറ്റ് വഴികളിലൂടെയോ ഈ അമീബ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതായി ഇതുവരെ അറിവില്ല. ആയതിനാൽ ശുദ്ധമാണെന്ന് ഉറപ്പില്ലാത്ത ജലാശയങ്ങളിൽ മുങ്ങി കുളിക്കാതിരിക്കുക ഉത്തമം. എന്നാല്‍ പരിമിതമായ ജീവിത സാഹചര്യങ്ങളുള്ളത് മാത്രമല്ല എമ്പാടും ജലാശയങ്ങളുള്ള കേരളത്തില്‍ മുങ്ങിക്കുളിക്കുന്നവരുടെ എണ്ണം കണക്കാന്‍ പറ്റുന്നതിലേറെയാണ്. ഇത്തരമൊരു സാഹചര്യം വ്യാപകമല്ലാത്തതിനാലും വലിയപഠനങ്ങള്‍ ഉണ്ടാകാത്തതിനാലും എന്താണ് പരിഹാരമെന്ന് ഇതിലേറെ വ്യക്തമാക്കാന്‍ കഴിയില്ലതന്നെ. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ അനുഷ്ടിച്ചിരുന്ന ഒരു രീതി ഒരുപക്ഷേ ഗുണം ചെയ്തേക്കാം മൂക്ക് പിടിച്ച് അടച്ചു മുങ്ങുക എന്നതാണ് അത്. നീന്തി അര്‍മാദിക്കുന്നവര്‍ക്ക് ഇത് പ്രായോഗികമല്ല താനും. എന്താണ് പഴുതടച്ച പരിഹാരമെന്ന് ഒരുപക്ഷേ നാളെ കണ്ടെത്തിയേക്കാം .അതിനായി കാത്തിരിക്കാം.

Advertisement