സ്ക്രീൻ ടൈം കൂടുന്നത് കുട്ടികളിലും കൗമാരക്കാരിലും ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ചൈനീസ് സർവകലാശാലയുടെ പഠനം. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെയുള്ളത് കാണുന്നതിൽ അവ്യക്തതയുണ്ടാവുകയും ചെയ്യുന്ന നേത്ര രോഗാവസ്ഥയാണ് ഹ്രസ്വദൃഷ്ടി.
കുട്ടികൾക്കിടയിൽ ഇന്ന് ഹ്രസ്വദൃഷ്ടി ഒരു പകർച്ചവ്യാധി പോലെ വ്യാപിച്ചു കഴിഞ്ഞു. വീടിന് പുറത്തെ കളികൾ ഉപേക്ഷിച്ച് കുട്ടികൾ വിഡിയോ ഗെയിമുമായി സ്‌ക്രീനിന് മുന്നിൽ അധിക സമയം ചെലവഴിക്കാൻ തുടങ്ങിയത് കുട്ടികളിൽ ഹ്രസ്വദൃഷ്ടി വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 102,360 പേർ പങ്കെടുത്ത 19 പഠനങ്ങൾ അവലോകനം ചെയ്തുകൊണ്ടാണ് ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകർ വിലയിരുത്തിയത്.
കുറഞ്ഞ സ്‌ക്രീൻ സമയമുള്ളവരെ അപേക്ഷിച്ച് ഉയർന്ന സ്‌ക്രീൻ സമയമുള്ളവർക്ക് ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നു. കൂടാതെ കുട്ടികൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനെക്കാൾ ലാപ്‌ടോപ്പും ടെലിവിഷൻ സ്‌ക്രീനും നോക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കൂട്ടുന്നതെന്നും പഠനത്തിൽ വിശദീകരിക്കുന്നു. കുട്ടികൾ സ്‌ക്രീനിന് മുന്നിൽ ഇരിക്കുമ്പോൾ അവരുടെ കണ്ണ്, റെറ്റിന, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് പെട്ടെന്ന് നേത്രഗോളം വലുതാകാനും ഹ്രസ്വദൃഷ്ടിയിലേക്ക് എത്താനും കാരണമാകുന്നുവെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു.
പ്രകാശത്തെ ശരിയായ വിധത്തിൽ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ ഇത് തടസ്സപ്പെടുത്തുന്നു. മങ്ങിയ കാഴ്ച, ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്, കണ്ണിന് അസ്വസ്ഥത, തലവേദന, ക്ഷീണം തുടങ്ങിയവയാണ് ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങൾ. കൂടാതെ ഹ്രസ്വദൃഷ്ടിക്ക് പാരിസ്ഥിതിക ഘടകങ്ങളും പ്രധാന കാരണമാകാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് കുറയുന്നതും ഹ്രസ്വദൃഷ്ടിക്ക് കാരണമാകാം.
സൂര്യപ്രകാശം പതിക്കുന്നത് റെറ്റിനയിൽ ഡോപാമൈൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് കണ്ണുകളുടെ വളർച്ച നിയന്ത്രിക്കാനും ഹ്രസ്വദൃഷ്ടി തടയാനും സഹായിക്കുന്നു. അതുകൊണ്ട് കുട്ടികളിൽ വീടിനു പുറത്തിറങ്ങിയുള്ള കളികളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവരുടെ നേത്രാരോഗ്യത്തിന് ഗുണകരമാണ്.