പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ രണ്ട് പേര്‍ ഒരേ സമയം ഇരുന്ന് ഓടിക്കുന്ന ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് പഠനം. നാഡീവ്യൂഹസംബന്ധമായ രോഗമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് സൗത്ത് കരോളിന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
ഒന്‍പത് പാര്‍ക്കിന്‍സണ്‍സ് രോഗികളിലും അവരുടെ ഒന്‍പത് കെയര്‍ പാര്‍ട്ണറുകളിലുമാണ് രണ്ട് മാസം നീണ്ട പഠനം നടത്തിയത്. രോഗിയും കെയര്‍ പാട്ണറും ചേര്‍ന്ന ഈ ജോടികള്‍ അകത്ത് ഉറപ്പിച്ചിരിക്കുന്ന ടാന്‍ഡം ബൈസൈക്കിളില്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ചവിട്ടി. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പുറത്തെ സൈക്ലിങ്ങിന്റെ തോന്നല്‍ വരുന്ന വിധം പ്രകൃതിദൃശ്യങ്ങളും പുറത്തെ കാഴ്ചകളുമൊക്കെ ഇവരെ കാണിച്ചു കൊടുത്തു. ഈ വ്യായാമം രോഗികളുടെ ചലനശേഷി, നടപ്പിന്റെ വേഗം എന്നിവ മെച്ചപ്പെടുത്തിയെന്നും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വേഗം കുറച്ചെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും ആശയവിനിമയം ചെയ്യുന്നതിലും സാമൂഹിക സാഹചര്യങ്ങള്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുന്നതിലും ഉയരുന്ന വെല്ലുവിളികളില്‍ ശരാശരി അഞ്ച് പോയിന്റ് കുറവും ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടായി. രോഗികളുടെ വിഷാദം കുറയ്ക്കുന്നതിലും സൈക്ലിങ് സഹായകമായതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ 76-ാമത് വാര്‍ഷിക യോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെടും.