ചിക്കന്‍ പോക്സ്: യഥാസമയം ചികിത്സ തേടണം

Advertisement

ജില്ലയിലെ പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളില്‍ സംയുക്തമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. പഴകിയ മത്സ്യം, മാംസം എന്നിവ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചേമ്പറില്‍ ചേര്‍ന്ന ഉപഭോക്തൃ സംരക്ഷണസമിതി യോഗത്തിലാണ് നിര്‍ദ്ദേശം.
അറവ്ശാലകളിലെ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങള്‍, ഓടകള്‍, ജലസ്രോതസുകളായ കായല്‍, കൊല്ലം തോട് എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തന ക്ഷമമാണോ എന്നുറപ്പാക്കാന്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുന്നതിന് പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിക്കന്‍ പോക്സ്: യഥാസമയം ചികിത്സ തേടണം
ജില്ലയില്‍ പലയിടത്തും ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ചിക്കന്‍ പോക്സ് വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധിയാണ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെയും സംഭവിക്കാനും സാധ്യതയുണ്ട്. രോഗബാധിതര്‍ കൃത്യമായി ചികിത്സതേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗപകര്‍ച്ചാവിധം
ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കം വഴി ചിക്കന്‍ പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും രോഗം പകരാം.
ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ എടുക്കും.

രോഗലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയൊ പൊറ്റയാവുകയോ ചെയ്യും

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ
പരിപൂര്‍ണ്ണ വിശ്രമം, വായു സഞ്ചാരമുളള മുറിയില്‍ വിശ്രമിക്കുക
ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക
മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കുക
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
കുമിളയില്‍ അബദ്ധത്തില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

ചികിത്സയും പ്രതിരോധവും
ചിക്കന്‍പോക്സ് തീവ്രമാകാന്‍ സാധ്യതയുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അസൈക്ലോവീര്‍ /വാലസൈക്ലോവീര്‍ തുടങ്ങിയ ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് രോഗത്തിന്റെ തീവ്രതയും സങ്കീര്‍ണ്ണതകളും കുറയ്ക്കാന്‍ സഹായിക്കും.
പനി, തലവേദന, ശരീരവേദന എന്നിവക്ക് പാരാസെറ്റമോള്‍ ഗുളിക ഉപയോഗിക്കാം. മറ്റ് വേദന സംഹാരികള്‍ ഒഴിവാക്കുക. ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മറ്റ് മരുന്നുകള്‍ നിര്‍ത്തരുത്.
ചിക്കന്‍ പോക്സ് വന്നിട്ടില്ലാത്തവര്‍ ചിക്കന്‍ പോക്സ്/ഹെര്‍പിസ് സോസ്റ്റര്‍ രോഗികളുമായി സമ്പര്‍ക്കം വന്നാല്‍ 72 മണിക്കൂറിനുള്ളില്‍ വാക്സിന്‍ എടുത്താല്‍ പ്രതിരോധിക്കാവുന്നതാണ്. 12 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് 4 മുതല്‍ 8 ആഴ്ച്ച ഇടവേളയില്‍ 2 ഡോസ് വാക്സിന്‍ എടുക്കേണ്ടതാണ്.

Advertisement