ഈ കീടനാശിനികൾ സൂക്ഷിക്കുക, ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അറിയാം

Advertisement

ചില കീടനാശിനികളുമായുള്ള സമ്പർക്കം കർഷകരിൽ അർബുദ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന നാല് കീടനാശിനികൾ ഉൾപ്പെടെ 69 എണ്ണം ഉയർന്ന അർബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി ഫ്രോണ്ടിയേഴ്‌സ് ഇൻ കാൻസർ കൺട്രോൾ ആൻഡ് സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പുകവലി പോലെ തന്നെ മാരകമാണ് കീടനാശിനികളുമായുള്ള സമ്പർക്കമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കീടങ്ങളിൽ നിന്നും കളകളിൽ നിന്നും വിളകളെ സംരക്ഷിക്കാൻ ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന 2,4-ഡി, അസെഫേറ്റ്, മെറ്റോലാക്ലോർ, മെത്തോമൈൽ തുടങ്ങിയ അർബുദ സാധ്യത വർധിപ്പിക്കുന്ന 69 കീടനാശിനികളുടെ പട്ടിക യുഎസ് ആസ്ഥാനമായി നടത്തിയ പഠനം പുറത്തുവിട്ടു. നോൺ-ഹോഡ്കിൻസ് ലിംഫോമ, രക്താർബുദം, മൂത്രാശയ അർബുദം എന്നിവയ്ക്ക് ഇവ കാരണമാകാമെന്ന് പഠനത്തിൽ പറയുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ എന്നിവിടങ്ങിൽ നിന്ന് ശേഖരിച്ച 2015 മുതൽ 2019 വരെയുള്ള അർബുദ നിരക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കൃഷി ചെയ്യുന്ന വിളകൾക്കനുസരിച്ച് അർബുദ സാധ്യത വ്യത്യസ്തമാണെന്നും പഠനത്തിൽ പറയുന്നു.