നവജാത ശിശുക്കളുടെ പൊക്കിൾ കൊടി പ്രവചിക്കും ഓട്ടിസം സാധ്യതകൾ-കണ്ടെത്തലുമായി ​ഗവേഷകർ

Advertisement

നവജാതശിശുവിന്റെ പൊക്കിൾകൊടി രക്തത്തിലെ ഫാറ്റി ആസിഡ് മെറ്റബോളിറ്റുകളുടെ അളവ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ അപകട സാധ്യത പ്രവചിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ഫുകുയി സർവകലാശാലയിലെ ശിശു മാനസിക വികസന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ജനനസമയം കുട്ടികളുടെ രക്തത്തിലെ ഡിഇഎച്ച്ഇടിആർഇ അളക്കുന്നതിലൂടെ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാൻ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തി.

എഎസ്ഡി ലക്ഷണങ്ങൾ തീവ്രമാകുന്നതിന് ഗർഭകാല ഘടകങ്ങളുടെ പ്രാധാന്യവും പഠനം ചൂണ്ടികാണിക്കുന്നു. ജനനസമയത്ത് പൊക്കിൾകൊടി രക്തത്തിലെ അരാച്ചിഡോണിക് ആസിഡ്-ഡയോളായ ഡിഇഎച്ച്ഇടിആർഇയുടെ അളവ് കുട്ടികളിലെ തുടർന്നുള്ള എഎസ്ഡി ലക്ഷണങ്ങളെ സാരമായി ബാധിക്കുകയും അഡാപ്റ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. പഠനത്തിനായി 200 കുട്ടികളുടെ പൊക്കിൾക്കൊടി രക്തത്തിലെ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും മെറ്റബോളിറ്റുകളും എഎസ്ഡി സ്‌കോറുകളും തമ്മിലുള്ള ബന്ധം ഗവേഷകർ അന്വേഷിച്ചു. ജനനത്തിനു തൊട്ടുപിന്നാലെ പൊക്കിൾകൊടി രക്ത സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. അതേ കുട്ടികൾക്ക് ആറ് വയസായപ്പോൾ അവരിലെ എഎസ്ഡി ലക്ഷണങ്ങളും അഡാപ്റ്റീവ് പ്രവർത്തനവും വിലയിരുത്തി.

മോളിക്കുൾ 11-12 ഡിഇഎച്ച്ഇടിആർഇ ഉയർന്ന അളവ് സാമൂഹിക ഇടപെടലുകളിൽ സ്വാധീനം ചെലുത്തുന്നതായി ഗവേഷകർ കണ്ടെത്തി. അതേസമയം 8,9 ഡിഇഎച്ച്ഇടിആർഇ യുടെ താഴ്ന്ന അളവു ആവർത്തനവും നിയന്ത്രിതവുമായ സ്വഭാവങ്ങളെ സ്വാധീനിക്കുന്നതായി തിരിച്ചറഞ്ഞു. ഇത് ആൺകുട്ടികളെക്കാൾ പെൺകുട്ടികളിലാണ് കൂടുതൽ തിരിച്ചറിഞ്ഞെതെന്നും ഗവേഷകർ പറയുന്നു. എഎസ്ഡി ലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനും നേരത്തെ രോഗനിർണയം നടത്തുന്നതിനും ഈ കണ്ടെത്തൽ ഗുണം ചെയ്യുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. സൈക്യാട്രി ആൻഡ് ക്ലിനിക്കൽ ന്യൂറോ സയൻസസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Advertisement