അച്ഛന് പ്രമേഹമുണ്ടെങ്കിൽ കുട്ടികൾക്ക് ഉണ്ടാകാൻ ഇരട്ടി സാധ്യത

Advertisement

അച്ഛന് പ്രമേഹമുണ്ടെങ്കിൽ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ഉണ്ടാവാൻ ഇരട്ടി സാധ്യതയെന്ന് പഠനം. ഗർഭാവസ്ഥയിൽ അമ്മയ്ക്ക് പ്രമേഹമുണ്ടെങ്കിൽ പോലും കുട്ടികൾക്കു രോഗമുണ്ടാവാനുള്ള സാധ്യതയേക്കാൾ കൂടുതലാണ് അച്ഛനിൽ നിന്നു ടൈപ്പ് 1 പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയെന്ന് യുകെ കർഡിഫ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ടൈപ്പ് 1 പ്രമേഹം കുട്ടികളിൽ ഉണ്ടാവാൻ കുടുംബ പാരമ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും ഇത് മാതാവിനേക്കാൾ പിതാവിലൂടെയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദീകരിക്കുന്നത്. നവജാത ശിശുക്കൾ മുതൽ 88 വരെ പ്രായമുള്ളവരിൽ രോഗനിർണയം നടത്തിയ 11,475 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനത്തിൽ അമ്മമാരെക്കാൾ രോഗാവസ്ഥയുള്ള പിതാവിൽ നിന്ന് കുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി. എന്നിരുന്നാലും ഇതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.

ഡയബെറ്റോളജിയ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം കണ്ടുപിടിക്കാൻ എളുപ്പവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ്. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുന്നു എന്നിവയാണ് ലക്ഷണങ്ങൾ.